TOPICS COVERED

പാലക്കാട് മരുതറോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ത്തിക്, തമിഴ് വാവണന്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. പാലക്കാടിനും കോയമ്പത്തൂരിനുമിടയില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ആരെയോ പ്രതീക്ഷിച്ചെന്ന മട്ടിലുള്ള നില്‍പ്പ്. പരിസരത്ത് മറ്റാരുമില്ലെന്ന് മനസിലാക്കിയതോടെ കാറിനടുത്തേക്ക് ഓടിയെത്തി. കവണ ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ഇരുപത്തി അയ്യായിരം രൂപയും കൈക്കലാക്കി. സ്വന്തം വാഹനത്തില്‍ നിന്നെടുത്ത പോലെ കിട്ടിയതും കൊണ്ട് വേഗത്തില്‍ സ്ഥലം വിട്ടു. കഴിഞ്ഞമാസം ഇരുപത്തി മൂന്നിന് മരുതറോഡിലെ ഹോട്ടലിന് സമീപത്തെ കാഴ്ച. കിട്ടിയ സാധനങ്ങളും പണവുമായി സംഘം വേഗം കോയമ്പത്തൂരിലേക്ക് മടങ്ങി. 

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പാലക്കാട് കസബ പൊലീസ് നടത്തിയ തുടര്‍ച്ചയായ പരിശോധനയിലാണ് കവണ വീരന്മാര്‍ കുടുങ്ങിയത്. പ്രതികൾ സഞ്ചരിച്ചെത്തിയ വഴിയിലൂടെയും മോഷണം നടത്തിയതിനുശേഷം മടങ്ങിപ്പോയ വഴികളിലൂടെയും സഞ്ചരിച്ച് പ്രതികളിലേക്ക് എത്താനുള്ള എല്ലാവിധ തെളിവുകളും ശേഖരിച്ചു. ഇരുവരും താമസിച്ചിരുന്ന കോയമ്പത്തൂരിലെ അറിവോളി നഗര്‍ കോളനിയില്‍ കയറി രാത്രിയിലാണ് കസബ പൊലീസ് ഇവരെയും കുടുക്കിയത്. ഇവര്‍ക്ക് കേരളത്തിലോ, മറ്റ് സംസ്ഥാനങ്ങളിലോ സമാനമായ കേസുണ്ടോയെന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കെത്തി മടങ്ങിയ സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.