TOPICS COVERED

കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണസംഘത്തില്‍ നിന്ന് 10 കോടിരൂപയുടെ തട്ടിപ്പ്  നടത്തിയകേസില്‍ ബാങ്ക് സെക്രട്ടറി അറസ്റ്റില്‍ .  നിക്ഷേപകരില്‍ നിന്ന് പരാതി ഉയ‍ര്‍ന്നതിനെ തുട‍ര്‍ന്ന് മൂന്ന് മാസത്തോളമായി പി.കെ ബിന്ദു ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ബാലുശേരിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ കഴിയാതെ ആയതോടെയാണ് നിക്ഷേപക‍ര്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയത്.ബാലുശേരി പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ബാങ്ക് സെക്രട്ടറി നാട്ടില്‍ നിന്ന് കടന്നു കളഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നെന്ന് മനസിലായി. 

നാട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. 32 വര്‍ഷത്തെ പരിചയസമ്പത്തുള്ള ,സംസ്ഥാനതലത്തില്‍ തന്നെ ഖ്യാതിനേടിയ വനിത സഹകരണസംഘംത്തിലെ ആരംഭകാലം മുതലുള്ള സെക്രട്ടറിയായിരുന്നു പി.കെ ബിന്ദു. 407 നിക്ഷേപക‍ര്‍ നല്‍കിയ 10 കോടിയോളം രൂപയാണ് ബിന്ദു തട്ടിച്ചെടുത്തത്. ബാങ്കിലെ നിക്ഷേപം മുന്നില്‍ കണ്ട് മക്കളുടെ കല്യാണ നിശ്ചയിച്ചവ‍ര്‍വരെ പറ്റിക്കപ്പെട്ടവരിലുണ്ടായിരുന്നു. 2019 മുതല്‍ 2021 വരെയുള്ള കാലത്ത്  വ്യാജ ലോണ്‍ എടുത്തും മറ്റുവകയിലും ബിന്ദു പണം തട്ടിച്ചെടുക്കുകയായിരുന്നു എന്ന് ബാങ്കിലെ ഇപ്പോഴത്തെ ഭരണസമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് ബിന്ദുവിനെതിരെ പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. 

ENGLISH SUMMARY:

Financial scam; bank secretary arrested