TOPICS COVERED

പാലക്കാട് വല്ലപ്പുഴയില്‍ 153 കിലോ ചന്ദനവുമായി രണ്ടുപേര്‍ അറസ്റ്റില്‍. വല്ലപ്പുഴ ചൂരക്കോട് സ്വദേശികളായ ഹംസപ്പ, അബ്ദുൾ അസീസ് എന്നിവരാണ് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് വനപാലകസംഘത്തിന്റെ പിടിയിലായത്.

വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഹംസപ്പയുടെ വീടിന് പിന്നിൽ ചാക്കുകളിലായാണ് ചന്ദന മരക്കഷ്ണങ്ങള്‍ ഒളിപ്പിച്ചിരുന്നത്. തൃശൂർ വെള്ളാർക്കാട്ടു നിന്നാണ് ചന്ദന മരക്കഷ്ണങ്ങൾ എത്തിച്ചതെന്നാണ് ഇരുവരും വനം വകുപ്പിന് നൽകിയ മൊഴി. ഇത് സ്വകാര്യ സ്ഥലമാണോ വനഭൂമിയാണോയെന്ന് വ്യക്തമായിട്ടില്ല. 

പ്രതികൾ ചന്ദന മരക്കഷ്ണങ്ങൾ കടത്തുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും വനം വകുപ്പ് പിടിച്ചെടുത്തു. തൃശൂരില്‍ നിന്നും ശേഖരിച്ച ചന്ദനം രഹസ്യമായി സൂക്ഷിച്ച് വിലപേശി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പ്രാഥമിക വിവരശേഖരണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇരുവരുട‌െയും ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കും. ഒറ്റപ്പാലം ഫോസ്റ്റ് റേഞ്ച് ഓഫിസർ കെ.പി.ജിനേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.