കാമുകിക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചു കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തെഗുദീപയും സഹായികളും യുവാവിനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായെന്നു പൊലീസ്. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ശരീരത്തിലാകെ 39 മാരക മുറികളുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാതെ കൊലയാളികളുടെ മുന്നില്‍ കൈകൂപ്പി കരയുന്ന രേണുകാസ്വാമിയുടെ പ്രതികള്‍ തന്നെ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവന്നു
നടന്‍ ദര്‍ശന്‍ തെഗുദീപ നടി പവിത്ര ഗൗഡയുമായി ബന്ധം വെയ്ക്കുന്നതിനെ ഫാന്‍സിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഈ കൂട്ടത്തില്‍പെട്ട രേണുകാസ്വാമി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ് ദര്‍ശന്റെ നിര്‍ദേശപ്രകാരം ഒരു സംഘം ചിത്രദുര്‍ഗയില്‍ നിന്നു ബെംഗളുരുവിലേക്കു തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയത്. പട്ടണഗരെയിലെ ആളൊഴിഞ്ഞ സ്ഥലത്തെച്ചു ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തിലാകെ 39 മാരക മുറിവുകളുണ്ടായിരുന്നുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
മര്‍ദ്ദനമേറ്റ് തലയില്‍ ആഴത്തില്‍ മുറിവുണ്ടായി. സ്വകാര്യ ഭാഗങ്ങള്‍ ചതഞ്ഞരഞ്ഞു. ജനനേന്ദ്രിയും മുറിഞ്ഞടര്‍ന്ന നിലയിലായിരുന്നുവെന്നും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച നാലായിരം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. അടിയേറ്റ് ശരീത്തിലെ എല്ലുകളെല്ലാം നുറുങ്ങിയിരുന്നു, കൊലക്കുറ്റം ഏറ്റെടുക്കാന്‍ ദര്‍ശന്‍ പ്രതികള്‍ക്കു വന്‍ തുക വാഗ്ദാനം ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിനിടെ രേണുകാ സ്വാമി കരയുന്നതിന്റെയും കൊല്ലപ്പെട്ടതിനുശേഷം വസ്ത്രങ്ങള്‍ ധരിപ്പിച്ചു നിലത്തു കിടത്തിയതിന്റെയും ഫോട്ടോകളാണു പുറത്തുവന്നത്.
പ്രതികള്‍ തന്നെ പകര്‍ത്തിയതാണ് ഇവ. അതേസമയം അറസ്റ്റിനു ശേഷം പൊലീസ് പിടിച്ചെടുത്ത ദര്‍ശന്റെയും പവിത്രയുടെയും ഐഫോണുകളിലെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഹൈദരാബാദിലെ ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ശ്രമങ്ങളാണു പരാജയപ്പെട്ടത്. ഫോണുകള്‍ ഗുജ്്റാത്തിലെ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയിലെത്തിച്ചു പരിശോധിക്കാനാണു നിലവില്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം