സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായെത്തിയ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. ഹൗറയിലെ ദോംജൂർ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പർബതിപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി മുറിവേറ്റ അബ്ദു റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സോമയ്യ ഖാത്തൂൺ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് അബ്ദുറഹ്മാൻ ഭീഷണിപ്പെടുത്തുന്നത്. ഇതിനു പിന്നാലെ ശനിയാഴ്ച രാത്രി തന്നെ കാണണമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടു. അർധരാത്രിയോടെ വീടിന് സമീപത്തെ പൂന്തോട്ടത്തിലെത്തിയ യുവാവിനെ മരത്തിൽ കെട്ടിയിടുകയും തർക്കത്തിനിടെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.
യുവാവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും സോമയ്യ വീടിനുള്ളിൽ കയറി വാതിലടച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. യുവാവ് തന്നെ അസഭ്യം പറയാറുണ്ടെന്നും ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നുമെന്നുമാണ് യുവതി ആരോപിക്കുന്നത്. പീഡനം സഹിക്കാനാവാതെയാണ് സോമയ്യ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത് പിന്നാലെ കുടുംബത്തെ തന്നെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് എത്തുകയായിരുന്നു. യുവതിയ്ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.