TOPICS COVERED

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് ബിനുകുമാറിന്‍റെ സംശയരോഗമെന്ന് പൊലീസ്. വൈഷ്ണയെ കൊന്ന് താനും മരിക്കുമെന്ന് ബിനു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി. വൈഷ്ണയെ അടിച്ചു വീഴ്ത്തിയശേഷം ഇന്ധനം ഒഴിച്ചു കത്തിച്ചെന്നും ബിനുകുമാര്‍ ആത്മഹത്യ ചെയ്തെന്നുമാണ് നിഗമനം.

ഭര്‍ത്താവ് ബിനുകുമാര്‍ ആക്രമിക്കുമെന്ന് ഭയന്ന് മുളക് സ്പ്രേയുമായി ഒാഫീസിലെത്തിയിരുന്ന വൈഷ്ണ ഒടുവില്‍ അയാളുടെ കൈകൊണ്ട് തന്നെ കത്തിയമര്‍ന്നു. സിസിടിവി ദൃശ്യങ്ങളനുസരിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഒാടെ വീട്ടിൽ നിന്നിറങ്ങിയ ബിനുകുമാർ ഓട്ടോറിക്ഷയില്‍ കാരയ്ക്കാമണ്ഡപം വരെയെത്തി. അവിടെ നിന്ന് നടന്നാണ് വൈഷ്ണയുടെ ഒാഫീസിലേയ്ക്ക് എത്തുന്നത്. പുറത്ത് ബാഗ് തൂക്കി വരുന്ന ബിനു റോഡ് സൈഡില്‍ ഒതുങ്ങി നില്‍ക്കുന്നതും ഭാരം തോന്നിക്കുന്ന ബാഗ് നിലത്ത് വച്ച് തുറന്ന് തൊപ്പിയെടുത്ത് ധരിച്ച് നടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മണ്ണെണ്ണ പോലുളള ഇന്ധനം ഒഴിച്ചാണ് തീവച്ചതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. ബിനുകുമാറിന്‍റെ വീടിന് സമീപം നിര്‍മിക്കുന്ന പുതിയ വീട്ടിലെ പെയിന്റിങ് ജോലിക്കായി വാങ്ങിയിരുന്ന ടർപ്പന്റൈൻ കത്തിക്കാന്‍ ഉപയോഗിച്ചോ എന്നും സംശയമുണ്ട്. 

കത്തിക്കാന്‍ ഉപയോഗിച്ച ഇന്ധനമാണ് ബാഗില്‍ കരുതിയിരുന്നെന്നാണ് നിഗമനം. ഓഫിസിലെ മേശയ്ക്കടിയിലാണ് വൈഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ അടിച്ച് വീഴ്ത്തിയശേഷം തീകൊളുത്തിയെന്നാണ് സംശയം. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം മൂന്ന് വർഷം മുൻപാണ് വൈഷ്ണ ബിനു കുമാറിനെ വിവാഹം ചെയ്തത്. ഇയാളുടെ നിരന്തര ഉപദ്രവത്തേത്തുടര്‍ന്ന് ഏഴ് മാസമായി അകന്നു കഴിയുകയായിരുന്ന വൈഷ്ണ വിവാഹ മോചനത്തിന് അപേക്ഷ നല്കിയിരുന്നു. വൈഷ്ണ ഫോണില്‍ ബ്ളോക്ക് ചെയ്തതോടെ സഹോദരന്‍ വിഷ്ണുവിന്‍റെ ഫോണിലേയ്ക്ക് വിളിച്ചും ബിനുകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് മൊഴി. കത്തിക്കരിഞ്ഞ മൃതദേഹം ബിനുകുമാറിന്റെ എന്നുറപ്പിക്കാന്‍ സഹോദരന്‍റെ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

വൈഷ്ണയുടെ ഓഫിസിൽ നിന്നു തീയും പുകയും ഉയരുന്നത് കിഴക്കേക്കോട്ടയിൽ നിന്നു ബസിൽ മടങ്ങുമ്പോൾ അമ്മ സുധാ കല കണ്ടിരുന്നു. ഭയന്ന് അടുത്ത ബസ് സ്റ്റോപ്പിലിറങ്ങിയ അവർ കാര്യം തിരക്കാൻ ഓട്ടോറിക്ഷയിൽ നേമം പൊലീസ് സ്റ്റേഷനിലെത്തി.അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുഴപ്പമൊന്നുമില്ലെന്നും വീട്ടിൽ പോകാനും നിർദ്ദേശിക്കുകയായിരുന്നു. പിന്നീടാണ് മരണവിവരം അറിയുന്നത്. ഓഫിസ് ജോലിക്കിടെ വൈഷ്ണ പിഎസ്‌സി പരീക്ഷയ്ക്കായി പഠിച്ചിരുന്നുവെന്ന് സ്ഥാപന ഉടമ ബി.മണി പറഞ്ഞു. അമ്മ സുധാ കലയും സഹോദരൻ വിഷ്ണുവും മാത്രമാണ് ഇനി വൈഷ്ണയുടെ മക്കൾക്ക് ആശ്രയം. ഇൻഷുറൻസ് സ്ഥാപനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 50,000 രൂപ പണമായും ഓഫിസിലുണ്ടായിരുന്നു. എസിയും കംപ്യൂട്ടറുകളും ഓഫിസ് രേഖകളും കത്തി നശിച്ചു.