TOPICS COVERED

ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ സഹോദരൻ അജിത്ത് അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപം പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട നിലയിൽ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിൽ മരിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. 

മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയിൽ കമ്പി വടിക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ അഖിലിനെ പിന്നീട് വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിട്ടു. തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം. കുറ്റം സംബന്ധിച്ച അജിത്തിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അമ്മ തുളസി ക്കെതിരെ കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ENGLISH SUMMARY:

A young man found dead under mysterious circumstances in Peerumed, Idukki has proved to be a murder