തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത് കൊലപാതകമെന്ന് നിഗമനം. കൂടെ താമസിച്ചിരുന്ന തമിഴുനാട്ടുകാരന്‍ രങ്കന്‍ കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം. രങ്കന്‍ ഒളിവിലാണ്.

രണ്ട് മക്കളുടെ അമ്മയായ 33 കാരി കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോളാണ് തറയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. കയറുകൊണ്ട് കഴുത്തില്‍ മുറുക്കിയ പാടുകള്‍ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ സ്ഥിരീകരിച്ചു. വിജിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. ഇതോടെയാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.

ഭര്‍ത്താവ് മരിച്ച വിജി മൂന്ന് മാസത്തിലേറെയായി തിരുനല്‍വേലി സ്വദേശിയും കണിയാപുരത്ത് ഹോട്ടല്‍ ജീവനക്കാരനുമായ രങ്കനൊപ്പമായിരുന്നു താമസം. സമീപത്തെ അമ്പലത്തില്‍ വെച്ച് വിവാഹവും നടത്തിയിരുന്നു. ഇന്നലെ രാവിലെ കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ രങ്കന്‍ വീട്ടിലുണ്ടായിരുന്നു. തിരികെ വന്നപ്പോള്‍ രങ്കനില്ല. അതിനാല്‍ കൊന്നത് രങ്കനെന്നാണ് സംശയിക്കുന്നത്. കന്യാകുമാരി, തിരുനല്‍വേലി ഭാഗങ്ങളിലേക്കടക്കം രങ്കനായി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A woman was found dead in Kanayapuram, Thiruvananthapuram, with police suspecting murder. Authorities believe Rangan, a co-resident from Tamil Nadu, strangled her and is now on the run.