എ.ഡി.ജി.പി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറത്തെ സ്വര്‍ണക്കടത്ത് കേസുകള്‍ പുനഃപരിശോധിക്കുന്നു. സുജിത് ദാസ് എസ്.പിയായിരിക്കെ സ്വര്‍ണം പിടികൂടിയ കേസുകള്‍ പുനഃപരിശോധിക്കാന്‍ ഡി.ജി.പി അന്വേഷണസംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിദാന്‍ ബാസില്‍ കൊലക്കേസിലേക്കും അന്വേഷണം.
അന്‍വറിന്റെ ഈ പരാതിയില്‍ നിന്നാണ് എ.ഡി.ജി.പിക്കെതിരെ ഡി.ജി.പിയുടെ സംഘം അന്വേഷണം തുടങ്ങുന്നത്. സമീപകാലത്ത് മലപ്പുറത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത് സുജിത് ദാസ് എസ്.പിയായിരിക്കെയാണ്. രണ്ടര വര്‍ഷംകൊണ്ട് 124 കേസിലായി 150 കിലോയോളം സ്വര്‍ണം. അതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണം. ഇത് കസ്റ്റംസും പൊലീസുമായുള്ള ഒത്തുകളിയാണന്നും പിടിച്ച സ്വര്‍ണം അജിത്കുമാറും സുജിത് ദാസുമെല്ലാം ചേര്‍ന്ന് വീതിച്ചെടുത്തെന്നാണ് അന്‍വറിന്റെ ആരോപണം. അതില്‍ വസ്തുതയുണ്ടോയെന്ന് അറിയാന്‍ സ്വര്‍ണംപിടിച്ച കേസുകളിലെ വിവരങ്ങളെല്ലാം ഡി.ജി.പിയുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ച് തുടങ്ങി. കേസിലെ പ്രതികളെ കണ്ടെത്തിയും അവരുടെ ഫോണ്‍വിളികള്‍ പരിശോധിച്ചും സ്വര്‍ണക്കടത്തുകാരും പൊലീസും തമ്മില്‍ ഇടപാടുണ്ടോയെന്ന് അറിയാനാണ് ശ്രമം.
2022 ഏപ്രിലില്‍ മലപ്പുറം എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തിന് പിന്നിലാണ് എ.ഡി.ജി.പിയുടെ പങ്ക് അന്‍വര്‍ ആരോപിക്കുന്നത്. സുഹൃത്ത് മുഹമ്മദ് ഷാനാണ് കൊന്നതെന്ന് പൊലീസ് പറയുമ്പോള്‍ അല്ലെന്ന് കുടുംബം വാദിക്കുന്നു. അതിലെ ദുരൂഹതയിലേക്കും ഡി.ജി.പിയുടെ സംഘം അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത്, കൊലപാതകം ഈ രണ്ട് ആരോപണങ്ങളിലെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റ് ആരോപണങ്ങളിലേക്ക് വിശദമായി കടക്കാനാണ് തീരുമാനം.