TOPICS COVERED

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 1650 ലീറ്റർ സ്പിരിറ്റുമായി മൂന്നുപേർ പാലക്കാട് കൊല്ലങ്കോട് അറസ്റ്റിൽ. ഓണക്കാല വിൽപ്പന ലക്ഷ്യമാക്കി കലക്ക് കള്ള് നിർമാണത്തിനായി എത്തിച്ച സ്പിരിറ്റെന്ന് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് അറിയിച്ചു. അതിർത്തിയിൽ കാത്ത് നിന്ന ഉദ്യോഗസ്ഥർ ലോറി പിന്തുടർന്നാണ് സ്പിരിറ്റും ചെമ്മണാംപതി സ്വദേശികളുമായ മൂന്ന് യുവാക്കളെയും എക്സൈസ് പിടികൂടിയത്. 

47 കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. പച്ചക്കറി എന്ന വ്യാജേനയായിരുന്നു സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡാണ് അതിർത്തിയിൽ കാത്ത് നിന്ന് ലോറി പിന്തുടർന്ന് പിടികൂടിയത്. വാഹനം നിർത്തിയുള്ള പരിശോധനയിൽ ലോറിയിൽ പച്ചക്കറിയെന്നായിരുന്നു ആദ്യ മൊഴി. വിശദമായ പരിശോധനയിലാണ് 47 കന്നാസുകളിലായി 1650 ലിറ്റർ സ്പിരിറ്റ് ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ചിറ്റൂർ, കൊല്ലംകോട് മേഖലകൾ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച് ഓണക്കാലത്തോടനുബന്ധിച്ച് വ്യാജ വാറ്റിനാണ് സ്പിരിറ്റ് എത്തിച്ചത് എന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ നീക്കം മനസ്സിലാക്കാൻ ഇരുചക്ര വാഹനത്തിൽ എത്തിയവരും എക്സൈസിന്റെ പിടിയിലായി. ചെമ്മണാംപതി സ്വദേശികളായ മദൻകുമാർ, വിക്രം, രവി എന്നിവരാണ് കുടുങ്ങിയത്.

രഹസ്യ വിവരത്തെത്തുടർന്ന് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഒരാഴ്ചയായി കടത്തുകാരെ നിരീക്ഷിക്കുകയായിരുന്നു. അതിർത്തിയിൽ പരിശോധനയും ശക്തമാക്കിയിരുന്നു. ഓണക്കാലത്തെ ലഹരി വരവ് കണക്കിലെടുത്ത് നിരീക്ഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY:

Three persons were arrested in Palakkad Kollangode with 1650 liters of spirit smuggled in a lorry from Tamil Nadu to Kerala.