ആനക്കൊമ്പുമായി രണ്ടുപേർ ഒറ്റപ്പാലത്ത് വനം വകുപ്പിന്‍റെ പിടിയിൽ. പട്ടാമ്പി വടക്കുമുറി സ്വദേശി രത്നകുമാർ, കള്ളാടിപ്പറ്റ സ്വദേശി ബിജു എന്നിവരാണ് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ പിടിയിലായത്. ബാഗിലാക്കിയ നിലയിൽ ഒരു കിലോ തൂക്കം വരുന്ന ആനക്കൊമ്പാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്.
6 ചെറിയ കഷണങ്ങളാക്കിയ നിലയിലായിരുന്നു ആനക്കൊമ്പ്. ഇവ ഓട്ടോറിക്ഷയിൽ കടത്തി വിൽപനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഇരുവരും മേലേ പട്ടാമ്പിയിൽ നിന്നു ഫോസ്റ്റ് ഫ്‌ളൈയിങ് സ്ക്വാഡിന്‍റെ പിടിയിലായത്. ആനക്കൊമ്പ് വാങ്ങാനെത്തിയവർ എന്ന നിലയിൽ വേഷം മാറിയെത്തിയാണ് ഇരുവരെയും പിടികൂടിയത്. ഇടപാടു സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും തുടർ നടപടിയും. ഓട്ടോറിക്ഷയും വനപാലകർ കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പിന്‍റെ ഉറവിടത്തെയും മറ്റു കണ്ണികളെയും കുറിച്ചു വനപാലക സംഘം അന്വേഷണം ഊർജിതമാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.