വയനാട് വെള്ളമുണ്ടയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വെള്ളമുണ്ട സ്വദേശിയും അയൽവാസിയുമായ പ്രതി ഹകീം പിടിയിൽ. വയോധികയുടെ സ്വർണ്ണം കൈക്കലാക്കാൻ കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് വെള്ളമുണ്ട സ്വദേശി കുഞ്ഞാമിയുടെ മൃതദേഹം വീടിന് അരകിലോമീറ്റർ അകലെയുള്ള കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തോന്നിയ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വായോധികയുടെ അയൽവാസി ഹകീം പിടിയിലായത്. വായോധികയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വർണത്തിന് വേണ്ടി കൊലപെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം കിണറ്റിൽ തള്ളി.
വയോധികയെക്കായുള്ള തിരച്ചിലിനും മാധ്യമങ്ങളെ വിവരമറിയിക്കുന്നതിലും ഹകീം മുന്‍പന്തിയിലുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.