TOPICS COVERED

ഒറ്റപ്പാലം അമ്പലപ്പാറയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനമണ്ണ കളത്തിൽ മഹേഷ് എന്ന മാക്കു ആണു പിടിയിലായത്. 

അമ്പലപ്പാറ പുളിയങ്കാവ് റോഡ് പൊട്ടച്ചിറ സന്തോഷ്കുമാറിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിൽ പനമണ്ണ സ്വദേശിയായ മറ്റൊരു യുവാവ് നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ജൂൺ 19നു രാവിലെ എട്ടരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറിലെത്തിയ 5 അംഗ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു കണ്ടെത്തൽ. ശേഷിക്കുന്ന 3 പേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. 

സാമ്പത്തിക താൽപര്യങ്ങളെ ചൊല്ലിയായിരുന്നു ക്വട്ടേഷൻ എന്നാണു പൊലീസ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.  സന്തോഷ്കുമാർ, വീട്ടിൽ നിന്ന് ചുനങ്ങാട് തിരുണ്ടിക്കലിലെ  സ്ഥാപനത്തിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെയാണു വഴിയരികിൽ  കാത്തുനിന്ന സംഘം തടഞ്ഞുനിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മർദിച്ചു ബലമായി കാറിലേക്കു തള്ളി കയറ്റാനായിരുന്നു ശ്രമം. പിടിവലിക്കിടെ  കയ്യിലും മുഖത്തും മർദനമേറ്റ സന്തോഷ്കുമാർ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണു രക്ഷപ്പെട്ടത്.