വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടുകയും അടിമപ്പണി ചെയ്യിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പാലക്കാട് യുവാവ് അറസ്റ്റിൽ. ചിറ്റൂര്‍ നീർക്കോട് സ്വദേശി നിഖിൽദാസിനെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ ജോലി വാഗ്ദാനം ചെയ്‌തു കബളിപ്പിച്ചെന്നാരോപിച്ച് കല്ലടിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കംബോഡിയയിൽ കോൾ സെൻ്ററിൽ ജോലി വാഗ്ദാനം ചെയ്തതാണ് നിഖിൽദാസും മറ്റൊരാളും ചേർന്ന് വിനോദിൻ്റെ മകൻ അഭിലാഷിന്റെ കയ്യിൽ നിന്നും ഏപ്രിലിൽ 4,20,000 രൂപ അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും കൈപ്പറ്റിയത്. കംബോഡിയിലെത്തിച്ച ശേഷമാണ് ഇന്ത്യയിലെതന്നെ ജനങ്ങളെ ഓൺലൈൻ ചാറ്റിങ്ങിലൂടെ പറ്റിച്ച് പണമുണ്ടാക്കുന്ന ജോലിക്കാണ് കൊണ്ടുവന്നതെന്ന് ഇവർക്ക് മനസിലായത്. തുടർന്ന് അഭിലാഷ് മറ്റൊരാളുടെ ഫോണിൽ നിന്നും സഹോദരനെയും വീട്ടിലേക്കും വിളിച്ചറിയിക്കുകയായിരുന്നു.
വീട്ടുകാർ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ബന്ധപ്പെട്ടതോടെ കംബോഡിയയിലെ ഇന്ത്യൻ എംബസി വഴി രക്ഷാപ്രവർത്തനം നടത്തി ഇവരെ സുരക്ഷിതരാക്കിയത്. പരാതിക്കാരന്റെ മകനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് മൊഴിയെടുത്ത പൊലീസ് നിഖിൽദാസിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. വിദേശത്തേക്ക് യുവാക്കളെ കയറ്റി അയച്ച് മനുഷ്യക്കടത്തിനു കൂട്ടു നിൽക്കുകയും അതിന്റെ കമ്മിഷൻ പറ്റുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. നിരവധിപേർ സമാന തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇവർ വിദേശത്ത് എത്ര മാത്രം കഠിന ജോലിയിലാണ് തുടരുന്നതെന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.