നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമുള്ള അധിക്ഷേപങ്ങളെല്ലാം കേസിനാധാരമാകുമെന്ന് ബോബി ചെമ്മണ്ണൂര്‍–ഹണിറോസ് കേസില്‍ ഹൈക്കോടതി പരാമര്‍ശിച്ച ദിവസം തന്നെയാണ് സമാന കാരണത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയതായ വാര്‍ത്ത വരുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി 19കാരിയായ ഷഹാന മുംതാസ് ആണ് ജീവനൊടുക്കിയത്.
ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്താലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി.
കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. നേരിട്ടുതന്നെ ഷഹാനയെ പലതും പറഞ്ഞ് അപമാനിച്ച വാഹിദ് ഒരുമാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി. ഗള്‍ഫില്‍വച്ചും വിളിക്കുമ്പോഴെല്ലാം നിറത്തിന്റെ പേരില്‍ ഷഹാനയെ അധിക്ഷേപിച്ചു. നിറം കുറവാണെന്നും, കറുപ്പാണെന്നും, ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു. കുടുംബം നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്.
ഇന്നുരാവിലെ ഷഹാനയെ വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഉള്‍പ്പെടെ എത്തി ഷഹാനയുടെ മുറിയുടെ വാതില്‍ പൊളിച്ചപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.