ഗണേശ ചതുര്‍ഥി പൂജയ്ക്ക് പണം നല്‍കിയില്ലെന്നാരോപിച്ചു കര്‍ണാടക കാര്‍വാറില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. ഞയറാഴ്ച വൈകീട്ടു കാര്‍വാര്‍ സായ്കട്ടയിലാണു സംഭവം. കുടുംബ ക്ഷേത്രത്തിലെ വാര്‍ഷിക പൂജയുടെ ചെലവ് പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കമാണു കൊലയിലെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാര്‍വാര്‍ സായ്കട്ട ബിന്ദുമാധവന്‍ ക്ഷേത്രത്തിന്റെ മുറ്റത്താണു കൊലനടന്നത്. സന്ദേശ് പ്രഭാകര്‍ ബോര്‍ക്കറെന്ന 34കാരനാണു കൊല്ലപ്പെട്ടത്. കാര്‍വാര്‍ നഗര്‍ പൊലീസ് കൊലപാതകത്തെ വിശദീകരിക്കുന്നതിങ്ങനെയാണ്. ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണു ഗണേശ പൂജ. ഗ്രാമത്തിനു പുറത്തു താമസിക്കുന്ന കുടുംബാംഗങ്ങളെല്ലാം പൂജയ്ക്കായി ഒത്തുകൂടും. ചെലവ് തുല്യമായി പങ്കിട്ടെടുക്കുകയാണു ചെയ്തിരുന്നത്. ഞയറാഴ്ച പൂജ നടക്കുന്നതിന്റെ കണക്ക് സംബന്ധിച്ചു തര്‍ക്കമുണ്ടായി. കൊല്ലപ്പെട്ട സന്ദേശ് പ്രഭാകര്‍ വിഹിതം നല്‍കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
തര്‍ക്കം കുടുംബാംഗങ്ങള്‍ ഏറ്റെടുത്തതോടെ പിടിവലിയായി. ഇതിനിടയ്ക്ക് മനീഷ് ബോര്‍ക്കാര്‍ സന്ദേശിന്റെ അടിവയറ്റില്‍ കത്തികൊണ്ടു കുത്തുകയായിരുന്നു. സന്ദേശ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ കാര്‍വാര്‍ നഗര്‍ പൊലീസ് മനീഷിനെയും തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടുയുവാക്കളെയും അറസ്റ്റ് ചെയ്തു.