കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂര്‍ കോര്‍ത്തുശേരിയില്‍  പൊലീസ് നടത്തിയ പരിശോധനയില്‍  സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ സ്വദേശികളായ   മാത്യുസ്– ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ ശുചിമുറിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. മാത്യുസും ശര്‍മിളയും ഒളിവിലാണ്. കഴിഞ്ഞമാസം ഏഴിനാണ് സുഭദ്രയെ കാണാനില്ലെന്ന്കാട്ടി മക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സുഭദ്രയുമായി അടുപ്പമുള്ളവരിലേക്ക് നീണ്ട അന്വേഷണമാണ് ആലപ്പുഴയിലെ ദമ്പതികളിലേക്കെത്തിയത്. വയോധികയെ ദമ്പതികളുടെ വീട്ടില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ വിവരം നല്‍കിയതിന് പിന്നാലെയാണ് വിശദമായ പരിശോധന നടത്തിയത്. 

മാത്യൂസിന്റെയും ശര്‍മിളയുടെയും അവസാന ഫോണ്‍ ലൊക്കേഷന്‍ ഉഡുപ്പിയിലെന്ന് പൊലീസ്. സുഭദ്രയുടെ സ്വര്‍ണം 23,000 രൂപയ്ക്ക് ഉഡുപ്പിയില്‍ വിറ്റു. ശര്‍മിള ഉഡുപ്പി സ്വദേശിയാണ്. മാത്യൂസ് കാട്ടൂര്‍ സ്വദേശിയും. പൊലീസ് വിവരം തേടി വിളിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. സുഭദ്രയെ അറിയില്ലെന്ന് മറുപടി, വിളിച്ചപ്പോള്‍ പിന്നീട് ഹാജരാകാമെന്ന് അറിയിച്ചു. 

സുഭദ്ര അമ്പലങ്ങളില്‍ പോയതാകാം എന്നാണ് കരുതിയതെന്ന് മകന്‍ രാധാകൃഷ്ണന്‍.  തിരിച്ചുവരാതായതോടെയാണ് ഏഴാം തീയതി പരാതി നല്‍കിയത്. അമ്മയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മകന്‍ പറഞ്ഞു. 

ശര്‍മിളയുമായി സുഭദ്രയ്ക്ക് അടുത്തബന്ധമെന്ന് അയല്‍വാസി നാരായണന്‍. ശര്‍മിളയുടെ വിവാഹത്തിനടക്കം മുന്‍കൈ എടുത്തത് സുഭദ്രയാണ്. 

കാണാതാകുന്ന ദിവസം ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നുവെന്നും നാരായണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Missing elderly woman from Kochi suspected to be murdered, buried in Alappuzha