Subhadra-and-sharmila-cctv

കാണാതായി മൂന്നു നാലു ദിവസത്തിനകം സുഭദ്ര കൊല്ലപ്പെട്ടെന്നാണ് സൂചന. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. ആലപ്പുഴ കലവൂര്‍ കോര്‍ത്തുശേരിയില്‍  പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂര്‍ സ്വദേശികളായ   മാത്യുസ്– ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ ശുചിമുറിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. മാത്യുസും ശര്‍മിളയും ഒളിവിലാണ്. 

 

കഴിഞ്ഞമാസം ഏഴിനാണ് സുഭദ്രയെ കാണാനില്ലെന്ന്കാട്ടി മക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സുഭദ്രയുമായി അടുപ്പമുള്ളവരിലേക്ക് നീണ്ട അന്വേഷണമാണ് ആലപ്പുഴയിലെ ദമ്പതികളിലേക്കെത്തിയത്. വയോധികയെ ദമ്പതികളുടെ വീട്ടില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ വിവരം നല്‍കിയതിന് പിന്നാലെയാണ് വിശദമായ പരിശോധന നടത്തിയത്. അതിനിടെ, സുഭദ്ര ശര്‍മിളയ്ക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

കഡാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹമുണ്ടെന്ന സൂചന ലഭിച്ചതെന്ന് ഡിവൈഎസ്പി എം.ആര്‍.മധു ബാബു പറഞ്ഞു. കൊലപാതക കാരണം എന്തെന്ന് പറയാറായിട്ടില്ലെന്നും നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സുഭദ്ര അമ്പലങ്ങളില്‍ പോയതാകാം എന്നാണ് കരുതിയതെന്ന് മകന്‍ രാധാകൃഷ്ണന്‍. തിരിച്ചുവരാതായതോടെയാണ് ഏഴാം തീയതി പരാതി നല്‍കിയത്. അമ്മയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മകന്‍ പറഞ്ഞു. 

മാത്യൂസിന്റെയും ശര്‍മിളയുടെയും അവസാന ഫോണ്‍ ലൊക്കേഷന്‍ ഉഡുപ്പിയിലെന്ന് പൊലീസ്. ഇതോടെ ഉഡുപ്പി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സുഭദ്രയുടെ സ്വര്‍ണം 23,000 രൂപയ്ക്ക് ഉഡുപ്പിയില്‍ വിറ്റതായും വ്യക്തമായിട്ടുണ്ട്.

ശര്‍മിളയുമായി സുഭദ്രയ്ക്ക് അടുത്തബന്ധമെന്ന് അയല്‍വാസി നാരായണന്‍. ശര്‍മിളയുടെ വിവാഹത്തിനടക്കം മുന്‍കൈ എടുത്തത് സുഭദ്രയാണ്. കാണാതാകുന്ന ദിവസം ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നുവെന്നും നാരായണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.