Subhadra-cctv

കടവന്ത്ര സുഭദ്ര തിരോധാനക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത് കടവന്ത്ര പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും. സുഭദ്രയോടൊപ്പമുള്ളത് ഷര്‍മിളയാണെന്ന് അയല്‍വാസികളുടെ സഹായത്തോടെയാണ് പൊലീസ് ഉറപ്പിച്ചത്. ഷര്‍മിളയുമായി സുഭദ്രയ്ക്ക് വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്ന അയല്‍വാസികളുടെ മൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി. കാണാതാകുന്നതിന് തലേദിവം സുഭദ്രയെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടിരുന്നുവെന്ന് അയല്‍വാസി നാരായണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കടവന്ത്രയില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങളാണ് തിരോധാനക്കേസില്‍ തുമ്പുണ്ടാക്കിയത്. കൂടെയുള്ളത് ആരാണെന്ന അന്വേഷണം കടവന്ത്ര പൊലീസിനെ ഷര്‍മിളയില്‍ എത്തിച്ചു. ഓഗസ്റ്റ് നാലിനാണ് സുഭദ്ര കടവന്ത്രയില്‍ നിന്ന് അപ്രത്യക്ഷയാകുന്നത്. മൂന്ന് ദിവസമായിട്ടും അമ്മയെ കാണാതായതോടെ മക്കള്‍ പൊലീസില്‍ പരാതി നല്‍കി. തലേദിവസം മറ്റൊരു സ്ത്രീയുമായി സുഭദ്ര പോകുന്നത് കണ്ടുവെന്ന അയല്‍വാസിയുട മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി.

 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഷര്‍മിളയുടെ സാന്നിധ്യം കടവന്ത്ര പൊലീസ് ഉറപ്പിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആലപ്പുഴയിലെത്തി. ഷര്‍മിളയും സുഭദ്രയും തമ്മില്‍ അടുത്തബന്ധമെന്ന് അയല്‍വാസി നാരായണന്‍ അടക്കം പൊലീസിനോട് വ്യക്തമാക്കി. പലപ്പോഴും സുഭദ്രയുടെ വീട്ടില്‍ ശര്‍മിള എത്തിയിരുന്നുവെന്നും മാത്യുസുമായി ശര്‍മിളയുടെ വിവാഹം നടത്തിയത് സുഭദ്രയാണെന്ന നിര്‍ണായക വിവരങ്ങളും വഴിത്തിരിവായി. 

 

മംഗലാപുരം സ്വദേശിനിയായ ശര്‍മിള സുഭദ്രയും സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. പലിശയ്ക്ക് പണം നല്‍കിയിരുന്ന സുഭദ്രയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ശര്‍മിളയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. സ്വര്‍ണവും പണവും കൈക്കലാക്കാനണ് കൊലപാതകമെന്നാണ് നിഗമനം. ശര്‍മിളയുടെയും മാത്യൂസിന്‍റെയും ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഉഡുപ്പിയില്‍. സുഭദ്രയുടെ സ്വര്‍ണം 23000 രൂപയ്ക്ക് വില്‍പന നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉറപ്പിക്കാനും പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.  

ENGLISH SUMMARY:

Subhadra (73) had gone missing on August 4. Her children filed a missing persons report with the police on August 7. A body which was exhumed from the premises of a house in Alappuzha's Kalavoor is suspected to belong to the woman. Forensic experts are also at the site to examine the mortal remains