ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തട്ടിക്കൊണ്ടുപോവാനുള്ള ശ്രമത്തില്‍ നേരിട്ട് പങ്കാളികളായ തൃശൂര്‍ സ്വദേശികളായ മിറാജുദ്ദീന്‍, സുരേഷ് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
അമ്പലപ്പാറ പുളിയങ്കാവ് സ്വദേശി സന്തോഷ്കുമാറിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പനമണ്ണ സ്വദേശികളായ രണ്ട് പേരാണു നേരത്തെ പിടിയിലായിരുന്നത്. കഴിഞ്ഞ ജൂൺ 19 നു രാവിലെ എട്ടരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറിലെത്തിയ സംഘമാണ് സന്തോഷ്കുമാറിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക ലക്ഷ്യം വച്ചുള്ള ക്വട്ടേഷൻ ആണെന്നാണു പൊലീസ് കണ്ടെത്തൽ.
ക്വട്ടേഷൻ എറ്റെടുത്തയാളെ കിട്ടിയാലെ ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തത കൈവരൂ. സന്തോഷ്കുമാർ വീട്ടിൽ നിന്ന് ചുനങ്ങാട് തിരുണ്ടിക്കലിലെ സ്ഥാപനത്തിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെയാണു കാറില്‍ റോഡരികില്‍ കാത്തുനിന്ന സംഘം തടഞ്ഞു നിർത്തി തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. മർദിച്ചു ബലമായി കാറിലേക്കു തള്ളി കയറ്റാനുള്ള ശ്രമത്തിനിടെ കയ്യിലും മുഖത്തും മർദനമേറ്റ സന്തോഷ്കുമാർ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണു രക്ഷപ്പെട്ടത്.