പാലക്കാട് കോട്ടായിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തതായി പരാതി. കോട്ടായി സ്വദേശി മന്‍സൂറിന്‍റെ വീടിന് മുന്നിലുണ്ടായ എട്ട് വാഹനങ്ങളാണ് രാത്രിയിലെത്തിയ സംഘം അടിച്ച് തകര്‍ത്തത്. ആക്രമണ ഭീഷണിയെന്ന് പൊലീസിനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
പുലര്‍ച്ചെയായിരുന്നു ആക്രമണം. ആക്രോശിച്ചെത്തിയ സംഘം മന്‍സൂറിന്‍റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയും, കാറും, ഇരുചക്രവാഹനങ്ങളും അടിച്ച് തകര്‍ത്തു. പുറത്ത് ബഹളം കേട്ടെങ്കിലും ജീവഹാനി ഭയന്ന് പുറത്തിറങ്ങിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. മന്‍സൂറിന്‍റെ സഹോദരനും സമീപത്തെ ചില യുവാക്കളുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്നതായി പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞെന്നും വൈകാതെ പിടികൂടുമെന്നും കോട്ടായി പൊലീസ് അറിയിച്ചു. ആക്രമണ ഭീഷണി സംബന്ധിച്ച പരാതിയില്‍ നടപടി തുടങ്ങിയിരുന്നതായും പൊലീസ് വ്യക്തമാക്കി.