മിസ് സ്വിറ്റ്സര്‍ലന്‍ഡ് മുന്‍ഫൈനലിസ്റ്റിനെ കൊന്ന് മൃതദേഹം അരച്ച് ആസിഡില്‍ ലയിപ്പിച്ച് ഭര്‍ത്താവ്. കൊലപാതകം മറയ്ക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ ഭര്‍ത്താവ് പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 38 കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ച് കൊല്ലപ്പെടുന്നത്. എന്നാല്‍ മൃതേഹം വീണ്ടെടുക്കാനായില്ല. സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ക്രിസ്റ്റീനയെ ഭര്‍ത്താവ് തോമസ് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹം അറക്കവാളും കത്രികയും ഉപയോഗിച്ച് കഷ്ണങ്ങളാക്കുകയും ഹാൻഡ് ബ്ലെൻഡര്‍ ഉപയോഗിച്ച് അരച്ചെടുക്കുകയായിരുന്നു. ഇത് ആസിഡില്‍ ചേര്‍ത്ത് ലയിപ്പിച്ചു കളയുകയും ചെയ്തു. എന്നാല്‍ പൂർണമായി നശിക്കാതിരുന്ന ചില ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതായി തെളിഞ്ഞത്. ക്രിസ്റ്റീനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ജിഗ്‌സോ, കത്തി, ഗാർഡൻ കത്രിക എന്നിവ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സ്വയരക്ഷയ്ക്കുവേണ്ടി ക്രിസ്റ്റീനയെ കത്തികൊണ്ട് ആക്രമിച്ചെന്നാണ് ഭര്‍ത്താവിന്‍റെ മൊഴി . പക്ഷേ അവര്‍ കൊല്ലപ്പെട്ടു. പരിഭ്രാന്തിയിൽ മൃതശരീരം നശിപ്പിച്ചുകളയുകയുമായിരുന്നെന്നാണ് ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണമായും തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . ക്രിസ്റ്റീന ജോക്‌സിമോവിച്ചിന്‍റെ മരണവിവരം പുറംലോകമറിഞ്ഞ് പിറ്റേദിവസം തന്നെ തോമസിനെ അറസ്റ്റ് ചെയ്തിരുന്നു. റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്ത കോടതി തോമസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം തോമസ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് കണ്ടെത്തിയതായി എൽബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. തോമസിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ക്രിസ്റ്റീന. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇവര്‍ ഭര്‍ത്താവിനോടും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. 2007 ലെ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ഫൈനലിസ്റ്റായിരുന്ന ക്രിസ്റ്റീന മുമ്പ് മിസ് നോർത്ത് വെസ്റ്റ് സ്വിറ്റ്സർലൻഡായി കിരീടം നേടിയിരുന്നു.