ഡല്‍ഹിയില്‍ വിവാഹവാര്‍ഷിക ദിനം മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ്. യുവാവിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യവേ വൈരാഗ്യത്തിന്‍റെ കാണാകഥകളാണ് പുറത്തു വരുന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ 20 കാരൻ തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും എന്തിനാണ് ഇത് ചെയ്തതെന്നുമുള്ള വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെയോടെയാണ് ഡൽഹിയിലെ നെബ് സരായിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജേഷ് (53), ഭാര്യ കോമൾ (47), ഇവരുടെ 23 കാരിയായ മകൾ കവിത എന്നിവരാണ് മരിച്ചത്. താന്‍ പതിവ് പ്രഭാത നടത്തത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് എന്നാണ് മകന്‍ അര്‍ജുന്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ മോഷണ ശ്രമത്തിന്‍റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ അയൽക്കാരെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാല്‍ വീട്ടുകാരും സമീപവാസികളും തമ്മില്‍ യാതൊരു തര്‍ക്കവും നിലനിന്നിരുന്നില്ല. ഇതോടെ പൊലീസിന്‍റെ അന്വേഷണം മകനു നേരെ തിരിഞ്ഞു. യുവാവിന്‍റെ മൊഴികളിൽ ധാരാളം വൈരുദ്ധ്യങ്ങളുള്ളതായി പൊലീസ് ശ്രദ്ധിച്ചിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് അർജുൻ ആദ്യം ശ്രമിച്ചത്. എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ കുറ്റം സമ്മതിച്ചു.
സംസ്ഥാനതല ബോക്‌സറാണ് അർജുൻ. അച്ഛന്‍റെയും അമ്മയുടേയും വിവാഹവാര്‍ഷിക ദിവസം തന്നെ കുറ്റകൃത്യം നടത്താനായി മനപ്പൂര്‍വം തിരഞ്ഞെടുക്കുകയായിരുന്നു. ഇത് യുവാവിന് കുടുംബത്തോടുള്ള തീരാപകയിലേക്ക് വിരല്‍ചൂണ്ടുന്നതായി പൊലീസ് പറയുന്നു. ആര്‍മിയിലായിരുന്ന അച്ഛന്‍ നന്നായി പഠിക്കാത്തതിന് തന്നെ ശകാരിക്കാറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സമീപകാലത്തും ഇത്തരം സംഭവമുണ്ടായിരുന്നു. ബോക്‌സിങിനോട് ഏറെ താല്‍പര്യമുണ്ടായിരുന്ന അര്‍ജുനെ പിതാവ് ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും മറ്റുള്ളവരുടെ മുന്നില്‍ വച്ചു വഴക്കുപറയുന്നതും കടുത്ത അപമാന ബോധമാണ് യുവാവിലുണ്ടാക്കിയത്. ആരും തന്നെ പിന്തുണയ്‌ക്കാത്തതിലും കുടുംബത്തോട് യുവാവിന് കടുത്ത പക ഉണ്ടായിരുന്നു. ഈ അവഗണനയും ഒറ്റപ്പെടലും പ്രതികാര ചിന്ത വര്‍ധിപ്പിച്ചു. സഹോദരി കവിതയ്ക്ക് അച്ഛന്‍ സ്വത്ത് എഴുതി നല്‍കാന്‍ തീരുമാനിച്ചതായി അടുത്തിടെ താന്‍ അറിഞ്ഞിരുന്നുവെന്നും അർജുൻ പൊലീസിനോട് പറഞ്ഞു.
പിതാവിന്‍റെ കത്തി ഉപയോഗിച്ചാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ യുവാവ് അരുംകൊല നടത്തിയത്. അതിരാവിലെ ഉറക്കത്തിലായിരുന്ന മൂവരേയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ആദ്യം സഹോദരി കവിതയെയും പിന്നീട് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ശേഷം ആർക്കും സംശയം തോന്നാതിരിക്കാന്‍ പുലർച്ചെ 5.30 ഓടെ ഇയാള്‍ പതിവ് പ്രഭാത നടത്തിത്തിനിറങ്ങി. ശേഷം തിരികെയെത്തി ഒന്നുമറിയാത്ത പോലെ മൃതദേഹങ്ങള്‍ കണ്ട് വാവിട്ടു കരഞ്ഞു. നടക്കാൻ പോകുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ നേര്‍ന്നതായും തിരികെയെത്തിയപ്പോള്‍ അവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതായാണ് നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയോട് പറഞ്ഞത്.