കൊച്ചിയില്‍ കുലുക്കി സര്‍ബത്തിന്‍റെ മറവില്‍ ചാരായ വില്‍പന നടത്തിയിരുന്ന സംഘത്തെ സാഹസികമായി പിടികൂടി എക്സൈസ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തില്‍ നിന്ന് ഓണത്തിന് വില്‍പനയ്ക്കായി തയാറാക്കിയ ചാരായവും വാഷും പിടികൂടി. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ടാണ് സംഘം പ്രതിരോധിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാക്കനാട് കേന്ദ്രീകരിച്ചായിരുന്നു കുലുക്കി സര്‍ബത്തിന്‍റെ മറവിലെ ചാരായകച്ചവടം. പൂക്കാട്ടുപടി സ്വദേശി അങ്കിളെന്ന് അറിയപ്പെടുന്ന സന്തോഷ്, വാറ്റാപ്പിയെന്ന പേരില്‍ കുപ്രസിദ്ധനായ കിരണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വില്‍പന. ഇരുവരെയും വാറ്റുകേന്ദ്രം വളഞ്ഞ് എക്സൈസ് പിടികൂടി. 20 ലിറ്റര്‍ ചാരായവും 950 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. നാടന്‍ കുലുക്കി സര്‍ബത്ത് നിര്‍മാണത്തിനെന്ന പേരിലാണ് തേവയ്ക്കലില്‍ രണ്ട് നില വീട് സംഘം വാടകയ്ക്കെടുത്തത്. ഇതിന്‍റെ മറവിലായിരുന്നു വ്യാവസായിക അടിസ്ഥാനത്തിലുള്ള ചാരായനിര്‍മാണം. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പതിവ്. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്കാണ് ചാരായ നിര്‍മാണം. നാടന്‍ കുലുക്കി സര്‍ബത്ത് എന്ന ബോര്‍ഡുമായി സഞ്ചരിക്കുന്ന കാറിലായിരുന്നു ചാരായ വിതരണം.
ആവശ്യകാര്‍ക്ക് ഫ്രഷ് ആയി വാറ്റി വിൽക്കുന്നതിനാൽ ഇവരുടെ ചാരായത്തിനും ആവശ്യക്കാരേറെ. ചാരായ നിര്‍മാണത്തിനടക്കമുള്ള പണംമുടക്കിയിരുന്നത് സന്തോഷാണ്. വാറ്റ് സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി ലൈബിനാണ് കേന്ദ്രത്തിലെത്തി ചാരായം വാറ്റിയിരുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് മുന്തിയ ഇനം നായ്ക്കളെയാണ് വാറ്റു കേന്ദ്രത്തില്‍ വളര്‍ത്തിയിരുന്നത്. അന്യരെ ഒരാളെ പോലും വീടിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഒരാഴ്ചമുന്‍പ് അങാടി മരുന്നിന്‍റെമറവില്‍ വ്യാജമദ്യ വില്‍പന നടത്തിയ വനിതയടക്കം മൂന്ന്പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് വാറ്റ് കേന്ദ്രത്തെ കുറിച്ചും നടത്തിപ്പുകാരെ കുറിച്ചും വിവരം ലഭിച്ചത്. എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.