kollam-road-accident

കൊല്ലത്ത് സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു വീഴ്ത്തി കാര്‍ കയറ്റിയിറക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളിവിലായിരുന്ന പ്രതി അജ്മല്‍ പൊലീസ് പിടിയിലായി. അജ്മലാണ് കാറോടിച്ചിരുന്നത്. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. 

 

അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാകുറ്റമായ ബി.എന്‍.എസ് 105 വകുപ്പ് ചുമത്തിയിട്ടുണ്ട്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് പ്രതി പറഞ്ഞത്. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. 

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഡോക്ടര്‍ ശ്രീക്കുട്ടിയുമായി അജ്മൽ പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്. 

 

മൈനാഗപ്പള്ളി ആനൂർകാവിലാണ് തിരുവോണദിനത്തില്‍ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കു‍ഞ്ഞുമോളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യ എന്ന യുവതി പറഞ്ഞിരുന്നു.

അജ്മലിന്‍റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷിയായ സഞ്ജയും പറഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണുവെന്നും ഫൗസിയ സൈഡിലേക്കും മരിച്ച കു‍ഞ്ഞുമോള്‍ റോഡിന്‍റെ നടുവിലേക്കുമാണ് വീണതെന്നും സഞ്ജയ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുഞ്ഞുമോള്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് കുഞ്ഞുമോളുടെ ബന്ധു ഫൗസിയയായിരുന്നു. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് അജ്മല്‍ ഓടിച്ചിരുന്ന കാര്‍. കാറിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതായും സൂചനയുണ്ട്.

ENGLISH SUMMARY: