മദ്യപിച്ചു വണ്ടിയോടിക്കുകയാണെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ഇപ്പോൾ നാഥനില്ലാ കളരിയാണെന്ന് ആരും തെറ്റിദ്ധരിക്കണ്ടെന്നും, അനാവശ്യമായി ജീവനക്കാർക്ക് എതിരെ ആരെങ്കിലും തിരിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ മാസം 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം–കോഴിക്കോട് മിന്നല്‍ സര്‍വീസ് നടത്തിയ ബസിലെ ഡ്രൈവര്‍ ബിജുവിന്‍റെ വിഡിയോ ആണ് മദ്യപിച്ചു വണ്ടിയോടിക്കുകയാണെന്ന് ആരോപിച്ച് യുവാക്കള്‍ പ്രചരിപ്പിച്ചത്.
യുവാക്കള്‍ക്കെതിരായ പരാതിയില്‍ പറയുന്നതിങ്ങനെ; കോട്ടക്കല്‍ ബസ് നിര്‍ത്തിയ ശേഷം, ഇനി കോഴിക്കോട് സ്റ്റാന്‍ഡില്‍ മാത്രമേ സ്റ്റോപ്പുള്ളൂ എന്ന് കണ്ടക്റ്റര്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല ആയപ്പോള്‍ ബസ് നിര്‍ത്തണമെന്ന് 5 യുവാക്കള്‍ ആവശ്യപ്പെട്ടു. കണ്ടക്റ്റര്‍ അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ, വിപിന്‍, ജിഷ്ണു എന്നീ യാത്രക്കാര്‍ ഡ്രൈവര്‍ മദ്യപിച്ചു വണ്ടിയോടിക്കുകയാണെന്ന് ആരോപിച്ച് വിഡിയോ എടുക്കുകയായിരുന്നു.
അയ്യാളൊരു നല്ല ഡ്രൈവറാണെന്ന കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നവയില്‍ അധികവും. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഇദ്ദേഹം ഡ്രൈവ് ചെയ്ത ബസിൽ താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് കമന്‍റിടുന്നു അരുണ്‍ കുമാര്‍ എന്ന പ്രൊഫൈല്‍. 'ഒരു കാര്യം 100 ശതമാനം അടിവരയട്ട് പറയാം.. He is a Perfect Driver. യാത്രക്കാരോട് മാന്യമായി പെരുമാറുന്ന, മര്യാദക്ക് വാഹനം ഓടിക്കുന്ന നല്ല ഒരു ഡ്രൈവറാണ്. അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ആരോപണ വിധേയമായ സംഗതി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. സമഗ്ര അന്വേഷണം വേണം. ഡ്രൈവിംഗ് തടസ്സപ്പെടുത്തിയതിനും, യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനും യുവാക്കള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം'– അരുണ്‍ കുമാര്‍ ആവശ്യപ്പെടുന്നു.