ബൈക്ക് ശരീരത്തില്‍ തട്ടിയതിന്റെ തര്‍ക്കത്തിനൊടുവില്‍ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ച് യുവാവ്. പാലക്കാട് മലമൽക്കാവിൽ കാര്‍ കത്തിച്ച കേസില്‍ മുരുക്കുവളപ്പിൽ ജിതേഷാണ് തൃത്താല പൊലീസിന്റെ പിടിയിലായത്.
മലമൽക്കാവ് ആനപ്പടിയിൽ കണ്ണംകുഴിയിൽ ദിനേശ് കുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബന്ധുവിന്റെ കാറാണ് കത്തിച്ചത്. കാർ കത്തുന്നത് കണ്ട വീട്ടുകാരും നാട്ടുകാരും ചേർന്നാണ് വെളളമെത്തിച്ച് തീയണച്ചത്. കാറിന്റെ മുൻവശം പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തിൽ കാറുടമയായ ശ്രീകൃഷ്ണപുരം സ്വദേശി ഗിരീഷ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തൃത്താല പൊലീസിന്റെ അന്വേഷണത്തിലാണ് മലമല്‍ക്കാവ് സ്വദേശി മുരുക്കുവളപ്പില്‍ ജിതേഷാണ് കാര്‍ കത്തിച്ചതെന്ന് തെളിഞ്ഞത്.
ജിതേഷ് ഓടിച്ച ബൈക്ക് ദേഹത്ത് തട്ടി എന്ന കാരണത്താൽ ഗിരീഷിന്റെ ഭാര്യ സഹോദരനും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കാർ കത്തിച്ച സംഭവത്തിലേക്ക് വഴിവെച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.