ആലപ്പുഴ രാമങ്കരിയിൽ ഭാര്യയുടെ ആൺ സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കലവൂർ സ്വദേശി സുബിൻ ആണ് രാമങ്കരി പൊലീസിൻ്റെ പിടിയിലായത്. ആക്രമണത്തിന് ശേഷം ഭാര്യ രഞ്ജിനിയുമായി കടന്നു കളഞ്ഞ പ്രതിയെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.
ഭാര്യയുടെ ആൺ സുഹൃത്ത് ബൈജുവിനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഇന്നലെ പുലർച്ചയോടെയാണ് കലവൂർ സ്വദേശി സുബിൻ കടന്നു കളഞ്ഞത്. ചങ്ങനാശ്ശേരിയിൽ നിന്നും ട്രെയിൻ മാർഗ്ഗം പ്രതി തമിഴ്നാട്ടിലേയ്ക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഭാര്യ രഞ്ജിനിയെയും ബലമായി ഇയാൾ പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ തേടി തമിഴ്നാട്ടിൽ എത്തിയ രാമങ്കരി പൊലീസ് കോയമ്പത്തൂരിലെ സുബിന്റെ ബന്ധുവീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ചൊവ്വാഴ്ച രാമങ്കരി വേഴപ്രായിലെ ബൈജുവിന്റെ വീട്ടിലെത്തിയ പ്രതി വെട്ടുകത്തി കൊണ്ട് ബൈജുവിനെ വെട്ടുകയായിരുന്നു. തലയ്ക്കും കൈവിരലും ഗുരുതരമായി പരുക്കേറ്റ ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. മദ്യപിച്ച് എപ്പോഴും പ്രശ്നമുണ്ടാക്കുന്ന
ഭർത്താവ് സുബിനുമായി പിണങ്ങി കഴിഞ്ഞിരുന്ന രഞ്ജിനി പ്രദേശവാസിയായ ബൈജുവുമായി അടുപ്പത്തിലായിരുന്നു. കുറച്ചു ദിവസങ്ങളായി ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ഇതാണ് ആക്രമണത്തിന് കാരണമായത്. സുബിനെ വെട്ടിയശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയുമായി ഇയാൾ കടന്നു കളഞ്ഞത്.