വായ്പ കുടിശികയുടെ പേരിൽ സഹകരണ ബാങ്കിൽ നിന്ന് ഭീഷണി ഉണ്ടായതിനെ തുടർന്ന് ആലപ്പുഴയില്‍ വീട്ടമ്മ ജീവനൊടുക്കിയെന്ന് പരാതി. എസ് എൽ പുരം കാരുവള്ളി സുധീറിന്റെ ഭാര്യ ആശ ആണ് മരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള എസ് എൽ പുരം സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആൾക്കാർ വീട്ടിലെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആശ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് സുധീർ മനോരമ ന്യൂസിനോട് പറഞ്ഞു.
രണ്ടു ദിവസം മുൻപാണ് ആശ ആത്മഹത്യ ചെയ്തത്. വീട് നിർമിക്കുന്നതിനാണ് 2010 ൽ ആണ് എസ് എൽ പുരം സഹകരണ ബാങ്കിൽ നിന്ന് സുധീർ ഒരു ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് വായ്പ രണ്ടര ലക്ഷമായി പുതുക്കിയെടുത്തു. കുറേ പണം തിരിച്ചടച്ചു. എങ്കിലും വീണ്ടും കുടിശിക വന്നു. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡൻ്റിൻ്റെയും ഡയാക്ടർ ബോർഡ് അംഗങ്ങളുടെയും നേതൃത്വത്തിൽ എത്തി ഭീഷണി മുഴക്കിയെന്ന് സുധീർ മനോരമ ന്യൂസിനോട് പറഞ്ഞു. ഭാര്യ ആശമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാങ്കുകാർ മടങ്ങിയതിനു പിന്നാലെയാണ് ആശയുടെ മരണം.
ജോലി സ്ഥലത്തായിരുന്ന തന്നോട് ബാങ്കിൽ നിന്ന് ആളുകളെത്തി എന്ന് നിലവിളിച്ചു പറഞ്ഞതായും സുധീർ വെളിപ്പെടുത്തി. സിപിഎം നിയന്ത്രണത്തിലുള്ളതാണ് എസ് എൽ പുരം സർവീസ് സഹകരണ ബാങ്ക്. വീട്ടിൽ ബാങ്ക് പ്രസിഡൻ്റും സെക്രട്ടറിയും ബോർഡ് അംഗങ്ങളും എത്തിയത് മൂന്നു വാഹനങ്ങളിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി പൊലിസിന് മൊഴി നൽകിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കുടിശികയുടെ കാര്യം പറയാൻ വീട്ടിൽ എത്തിയെങ്കിലും ഭീഷണി മുഴക്കിയിട്ടില്ലെന്ന് എസ് എൽ പുരം സഹകരണ ബാങ്ക് ഭരണസമിതി പറയുന്നു എന്നാൽ ഇത് പരസ്യമായി പറയാൻ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ തയാറായില്ല. കൂലിപ്പണിക്കാരനായ സുധീറിന്റേത് നിർധന കുടുംബമാണ്. മരിച്ച ആശ ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളി ആയിരുന്നു.