TOPICS COVERED

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മണ്ണെണ്ണ കടത്തി ലക്ഷങ്ങളുടെ നേട്ടം കൊയ്യുന്ന സംഘം തിരുവനന്തപുരത്ത് പിടിയില്‍. ആയിരം ലിറ്ററോളം മണ്ണെണ്ണയാണ് കാഞ്ഞിരംകുളത്ത് പിടികൂടിയത്. എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ച സംഘമാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വിഴിഞ്ഞം ഭാഗത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് മണ്ണെണ്ണ കടത്ത് ശ്രദ്ധയില്‍പെട്ടത്. എക്സൈസ് സംഘം തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരെ ഇടിച്ചിടാന്‍ ശ്രമിച്ച് വാഹനം മുന്നോട്ട് പോയി. പിന്നാലെ പിന്തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരംകുളം സി.ഐക്ക് വിവരം നല്‍കിയതോടെ പൊലീസും റോഡില്‍ വലവിരിച്ചു. ഇതോടെ മണ്ണെണ്ണ കടത്ത് സംഘം പൊലീസിന്റെ പിടിയിലായി. 

35 ലീറ്റര്‍ കൊള്ളുന്ന 28 കന്നാസുകളിലായി 980 ലീറ്റര്‍ മണ്ണെണ്ണയാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലങ്കോട് സ്വദേശികളായ റിയാസ്, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ സബ്സിഡി ഇനത്തില്‍ വിതരണം ചെയ്യേണ്ട മണ്ണെണ്ണയാണ് രാത്രിയുടെ മറവില്‍ കേരളത്തിലേക്ക് കടത്തുന്നത്. ഇവിടത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മൂന്നും നാലും ഇരട്ടി വിലയ്ക്ക് വിറ്റ് വന്‍ലാഭം കൊയ്യുകയാണ് ലക്ഷ്യം. പിടിയിലായവര്‍ക്കെതിരെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Two people arrested in Thiruvanathapuram on kerosene smuggling from Tamilnadu.