വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപോയ ആസംകാരി പെണ്‍കുട്ടി ഇനി കേരളത്തിന്‍റെ മകളായി വളരും. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ ഓണാഘോഷത്തിലാണ് പെണ്‍കുട്ടി. ഓണാവധിക്ക് ശേഷം പട്ടം സര്‍ക്കാര്‍ ഗേള്‍സ് സ്കൂളില്‍ ഏഴാംക്ളാസില്‍ ചേര്‍ക്കാനാണ് തീരുമാനം.
ഞങ്ങളെത്തുമ്പോള്‍ ഓണാഘോഷത്തിനായി ഗംഭീര ഡാന്‍സ് പ്രാക്ടീസിലായിരുന്നു കൊച്ചുമിടുക്കി. ഓണക്കോടിയായി കിട്ടിയ നീലകുപ്പായവും പുളളിപ്പാവാടയുമിട്ട് പാറി നടക്കുകയാണ്. ഒരുപാട് കൂട്ടുകാരെ കിട്ടിയിട്ടുണ്ട് അവള്‍ക്കിവിടെ. അവരുടെ ഒപ്പം ആദ്യ ഓണാഘോഷത്തിന്‍റെ സന്തോഷം പങ്കിടുകയാണ് പെണ്‍കുട്ടി. ഓണക്കോടിക്ക് പുറമെ സമ്മാനമായി കിട്ടിയ പുത്തനുടുപ്പുകളൊക്കെ കൊളളാമോ എന്ന് വച്ചു നോക്കുന്നുണ്ട്. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ഓണ സദ്യയുണ്ടു. ഒരു വറ്റുപോലും ബാക്കി വയ്ക്കാതെ ചോറു മുഴുവനും കഴിച്ചു. പിന്നെ ഊഞ്ഞാലില്‍ ഒരു കൈനോക്കി. എന്തിനും ഏതിനും ശിശുക്ഷേമ സമിതിയിലെ അമ്മമാര്‍ അവള്‍ക്കൊപ്പമുണ്ട്. സ്കൂള്‍ തുറന്നാലുടന്‍ പട്ടം സ്കൂളില്‍ ചേര്‍ക്കും.
വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി ട്രെയിന്‍കയറി പോയി മുപ്പത്തിയാറ് മണിക്കൂറാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരികെയെത്തിച്ച പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് സിഡബ്ലുസി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയത്. മലയാളം പഠിക്കാന്‍ തുടങ്ങിയിട്ടുണ്ടിപ്പോള്‍. തന്നെ ഉപദ്രവിച്ച വീട്ടിലേയ്ക്കിനിയില്ലെന്നും പഠിച്ച് മിടുക്കിയാകണമെന്നുമാണ് പെണ്‍കുട്ടിയെ ആഗ്രഹം.