TOPICS COVERED

ചെന്നൈ ആമ്പൂരില്‍ അതിക്രൂരമായ കൊലപാതകം. സുഹൃത്തിന്റെ രണ്ട് കുട്ടികളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍.  കടംവാങ്ങിയ പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതി വസന്തകുമാര്‍ മൊഴി നല്‍കി. നരബലിയെന്ന് സംശയിക്കുന്നെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു. 

ആമ്പൂര്‍ മാതന്നൂരിലെ യോഗരാജിന്റെ വീട്ടിലെത്തിയാണ് വസന്തകുമാര്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. കടയില്‍ നിന്ന് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഞ്ചുവയസുള്ള യോഗിത്തിനേയും നാല് വയസുള്ള ദര്‍ശനേയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ഈ സമയം യോഗരാജിന്റെ ഭാര്യമാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വസന്തകുമാറും കുട്ടികളും തിരിച്ചുവരാതിരുന്നതോടെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍  ശ്രമിച്ചു. ഫോണ്‍ സ്വിച്ചോഫ് എന്ന് കണ്ടതോടെ യോഗരാജ് പൊലീസില്‍ പരാതി നല്‍കി. വസന്തകുമാറിന്റെ  ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അധികം ദൂരെയല്ലാത്ത സിംഗള്‍ബാടിക്കടുത്ത് ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. 

സിംഗള്‍ബാടി സെംഗാത്തമ്മന്‍ കോവിലിന്റെ പിന്‍വശം രണ്ട് കുട്ടികളുടെ മൃതശരീരവുമായി ഒരാള്‍ ഇരിക്കുന്നതായി ഇതുവഴി പോയ നാട്ടുകാര്‍ കണ്ടു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയുംചെയ്തു. നാട്ടുകാരെ കണ്ടതോടെ കുട്ടികളുടെ മൃതദേഹം ഉപേക്ഷിച്ച് വസന്തകുമാര്‍ കടന്നുകളഞ്ഞു. പൊലീസെത്തി കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വസന്തകുമാറിനായി തിരച്ചില്‍ വ്യാപിപ്പിച്ച പൊലീസ് തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ഇയാളുടെ ഇരുചക്രം വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടു. ഇതിന് അടുത്താണ് വസന്തകുമാറിന്റെ മുത്തശിയുടെ വീടെന്ന വിവരവും പൊലീസിന് ലഭിച്ചു. 

ഈ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കട്ടിലിനടയില്‍ ഒളിച്ചിരുന്ന വസന്തകുമാറിനെ പൊലീസ് പിടികൂടി. വസന്തകുമാറിനെ ചോദ്യം ചെയ്തപ്പോള്‍ പണമിടപാടിലെ തര്‍ക്കമാണ് കൊലയിലേക്ക് എത്തിച്ചതെന്നാണ് മൊഴി നല്‍കിയത്. 14,000 രൂപ യോഗരാജിന് നല്‍കിയിരുന്നു. തിരിച്ച് ചോദിച്ചപ്പോള്‍ പണം വസന്തകുമാറിന്റെ ഭാര്യയുടെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് യോഗരാജ് പറഞ്ഞു. വസന്തകുമാര്‍ ഇക്കാര്യം ഭാര്യയോട് ചോദിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വസന്തകുമാറിന്റെ  ഭാര്യ പിണങ്ങി പോയി. പണം ലഭിക്കാതിരുന്നതും ഭാര്യ പിണങ്ങിപ്പോയതും യോഗരാജിനോട് വസന്തകുമാറിന് വൈരാഗ്യമുണ്ടാകാന്‍ കാരണമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വസന്തകുമാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നരബലി കൊടുത്തതാണെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.