mynagappally-probe

TOPICS COVERED

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതികളെ അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആനൂർക്കാവിൽ എത്തിച്ചപ്പോൾ ജനങ്ങളുടെ വൈകാരിക പ്രതികരണത്തിൽ പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ല. പ്രതികൾ ഒരുമിച്ച് താമസിച്ച് ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഹോട്ടലിൽ ഉൾപ്പെടെ തെളിവെടുത്തു.  

 

ഒന്നാംപ്രതി അജ്മലിനെയാണ് ആദ്യം തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ മക്കളും ബന്ധുക്കളും നാട്ടുകാരുമൊക്കെ വൈകാരികമായി പ്രതികരിച്ചതോടെ പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ പൊലീസിന് കഴിഞ്ഞില്ല. രണ്ടുപ്രാവശ്യം അജ്മലിനെ ആനൂർകാവിൽ കൊണ്ടുവന്നു. 

അജ്മലിനെ പൊലീസ് സ്റ്റേഷനിൽ ആക്കിയശേഷമാണ് രണ്ടാംപ്രതി ശ്രീക്കുട്ടിയെ ആനൂർകാവിൽ എത്തിച്ചത്. വാഹനത്തിലിരുന്ന്  അപകടസ്ഥലം ചൂണ്ടിക്കാട്ടി ഡോക്ടർ ശ്രീക്കുട്ടിയുടെ തെളിവെടുപ്പും പൂർത്തിയാക്കി. പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കണമെന്ന് നാട്ടുകാർ വൈകാരികമായി ആവശ്യപ്പെട്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് പോലീസ് അനുവദിച്ചില്ല.  കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അടുത്ത ബന്ധുക്കൾക്ക് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ കാണാമെന്ന് പൊലീസ് ഉറപ്പു നൽകി. അജ്മലിനേയും ഡോ.ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതിയിൽ എത്തിച്ചപ്പോഴും നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. മാസ്ക് മാറ്റടായെന്ന് അജ്മലിനോടു നാട്ടുകാര്‍ ആക്രോശിച്ചു.