ഹരിയാനയിലെ ഗുരുഗ്രാമില്‍ തെറ്റായ ദിശയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചതില്‍ പൊലീസിന്‍റെ ഒളിച്ചുകളി. കാറോടിച്ചയാള്‍ ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് ഹാജരാക്കിയില്ല. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും അരമണിക്കൂര്‍കൊണ്ട് ജാമ്യത്തില്‍ വിട്ടു.

ഗുരുഗ്രാം ഗോള്‍ഫ് കോഴ്സ് റോഡിലെ ഡിഎല്‍എഫ് ഫേസ് ടുവിലാണ് അപകടമുണ്ടായത്. നാലുവരിപ്പാതയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 5.45ന് തെറ്റായ ദിശയിലൂടെ പാഞ്ഞെത്തിയ എസ്.യു.വി യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ഡല്‍ഹി ദ്വാരക സ്വദേശിയായ 23കാരന്‍ അക്ഷത് ഗാര്‍ഗ് അപകടസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ചത് 25കാരന്‍ കുല്‍ദീപ് കുമാര്‍ താക്കൂര്‍.

മരിച്ച അക്ഷത് ഗാര്‍ഗിന് തൊട്ടുപുറകില്‍ മറ്റൊരു ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് പ്രദ്യൂമാന്‍ കുമാറിന്‍റെ ഹെല്‍മറ്റിലെ ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകടമുണ്ടായശേഷം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമായി പിന്നീടുള്ള ഗുരുഗ്രാം പൊലീസിന്‍റെ പ്രവര്‍ത്തികള്‍‍. 

പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാറോടിച്ച കുല്‍ദീപ് കുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും അരമണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍വിട്ടു. കുല്‍ദീപ് കുമാര്‍ ഇതുവരെ ഡ്രൈവിങ് ലൈന്‍സ് പോലും ഹാജരാക്കിയിട്ടില്ല. തുടര്‍ച്ചയായി റോഡ് നിയമലംഘനം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് തന്നെ പറയുന്നു. ബിജെപി എംഎല്‍എ സ്ഥാനാര്‍ഥിയുടെ സ്റ്റിക്കര്‍ കുല്‍ദീപ് കുമാറിന്‍റെ കാറിലുണ്ട്. ഭരണത്തിലെ സ്വാധീനം കൊണ്ട് രക്ഷപ്പെടുന്നുവെന്ന് സ്വാഭാവികമായും സംശയിക്കാം. അപകട മരണമല്ല, കൊലപാതകമാണിതെന്ന് മരിച്ച അക്ഷത് ഗാര്‍ഗിന്‍റെ അമ്മ പറയുന്നു.