ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായവർക്കായി  ഡ്രജർ ഉപയോഗിച്ചുള്ള  തിരച്ചിൽ തുടരുന്നു. രാവിലെ വേലിയേറ്റ സമയമായതിനാൽ ആഴത്തിലുള്ള മണ്ണ് നീക്കം ചെയ്യൽ സാധിച്ചില്ല. ഈശ്വർ മൽപെ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ ലോറിയിലെ തടിക്കഷണം കണ്ടെത്തി. 

സോണാർ പരിശോധനയിൽ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇന്നത്തെ തിരച്ചിൽ.  ഡ്രജറിൽ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും ഇന്ന് ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി.  ആദ്യ മണിക്കൂറിൽ തന്നെ അർജുന്റെ ലോറിയിലെ തടി കഷ്ണം കണ്ടെത്തി. 

ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഫലം കാണുമെന്നാണ് ഷിരൂരിൽ എത്തിയ അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതീക്ഷ. ഡ്രജിങ് അവസാനത്തെ ശ്രമമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് തീരുമാനം. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും തിരച്ചിൽ തുടരും. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. 

ENGLISH SUMMARY:

Search Resumes for Arjun and Others Missing in Shirur Landslide