കൊച്ചി എളമക്കരയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയും അറസ്റ്റില്‍. ബംഗ്ലാദേശുകാരി അറസ്റ്റിലായത് മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് അറസ്റ്റ്. ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികള്‍ ഇന്നലെ പിടിയിലായിരുന്നു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍വാണിഭ സംഘം അറസ്റ്റിലാകുന്നത്. സെക്സ് റാക്കറ്റിലെ പ്രധാനികളായ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, ബെംഗളൂരു സ്വദേശി സെറീന, എറണാകുളം കൂനമ്മാവു സ്വദേശി വിപിന്‍ എന്നിവരാണ് എളരക്കര പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരു റാക്കറ്റിന്‍റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന സെറീനയും കൊച്ചിയിലെ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ജഗിദയും തമ്മിലുള്ള പണമിടപാട് തര്‍ക്കമാണ് അറസ്റ്റിന് കാരണം.
സെറീന വഴി കൊച്ചിയിലെത്തിയ ബംഗ്ലാദേശ് സ്വദേശിനിയെ ഇരുപതിലേറെ പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. പോണക്കര മനക്കപ്പറമ്പു കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. എന്നാല്‍ സെറിനയും ജഗിദയും തമ്മിലുള്ള പണമിടപാട് തര്‍ക്കം വന്നതോടെ പെണ്‍കുട്ടിയെ സെറീന തിരികെ ആവശ്യപ്പെട്ടു. പെണ്‍കുട്ടി സ്ഥലത്തില്ലെന്ന് മനസിലാക്കിയ സെറീന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കി. ഏളമക്കര പൊലീസ് ചോദ്യം ചെയ്തതോടെ സെറീനയുടെയും ജഗിദയുടെയും മൊഴികളിലുണ്ടായ സംശയമാണ് സംഘത്തെ കുടുക്കിയത്.
പെണ്‍വാണിഭ സംഘമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയെ ജഗിദ വിളിച്ചു വരുത്തുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിനിയുമായെത്തിയ വിപിനെയും രണ്ട് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബംഗ്ലാദേശില്‍ നിന്ന് പന്ത്രണ്ടാം വയസില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സംഘം വിവിധയിടങ്ങളിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. എട്ട് വര്‍ഷമായി പെണ്‍കുട്ടി സെക്സ് റാക്കറ്റിന്‍റെ പിടിയിലായിരുന്നു.