TOPICS COVERED

ഒറ്റപ്പാലം അമ്പലപ്പാറയിലെ ഇലക്ട്രിക്കൽ വർക് ഷോപ്പിൽ നിന്ന് പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി പുഴയ്ക്കൽ സന്തോഷ് ബാബു എന്ന രംഗനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെറുമുണ്ടശ്ശേരി പുത്തൻപുരയ്ക്കൽ സുരേഷ്ബാബുവിന്റെ സ്ഥാപനത്തിൽ നിന്ന് 85,000 രൂപ മോഷ്ടിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റ് 31 നായിരുന്നു മോഷണം. അമ്പലപ്പാറ റേഷൻ കടയോട‌് ചേര്‍ന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മേശവലിപ്പിൽ പഴ്‌സുകളിലായിരുന്നു പണം. സ്ഥാപനത്തിനു പുറത്തു സുരേഷ്ബാബുവിന്റെ ജോലിത്തിരക്ക് മുതലെടുത്തായിരുന്നു മോഷണം. പിന്നീട് അമ്പലപ്പാറ പഞ്ചായത്ത് കല്യാണമണ്ഡപത്തിനു സമീപം പാതയോരത്തു നിന്ന് പഴ്‌സ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സുഹൃത്തിനു കിട്ടിയതോടെയാണ് സുരേഷ്ബാബു മോഷണ വിവരം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവിനെ പിടികൂടിയത്. 

മോഷണത്തുക ഉപയോഗിച്ച് ബൈക്കും മൊബൈൽ ഫോണും വാങ്ങിയതായാണ് ഇയാളുടെ മൊഴി. ഈ ബൈക്ക് ഉപയോഗിച്ച് പനമണ്ണയിലെ സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വാടാനാകുറുശ്ശിയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ സംസ്ഥാനത്തു വിവിധ സ്റ്റേഷനുകളിലായി അന്‍പതിലേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. സമാനമായ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ദിവസങ്ങൾക്കകമാണ് അമ്പലപ്പാറയിലെ മോഷണം. 

ENGLISH SUMMARY:

A notorious thief has been arrested for stealing money from an electrical workshop in Ottapalam Ambalapara.