TOPICS COVERED

തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ തൊപ്പി പരസ്യമായി ഊരിയെറിഞ്ഞ് ജനശ്രദ്ധ നേടിയ പഴയ യൂത്ത് കോൺഗ്രസ് നേതാവ് സി.അനിൽകുമാർ നിക്ഷേപതട്ടിപ്പുകേസിൽ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സമരത്തിനിടെയായിരുന്നു അന്നത്തെ സർക്കിൾ ഇൻസ്പെക്ടറുടെ തൊപ്പി അനിൽകുമാർ എടുത്തെറിഞ്ഞത്

തൃശൂരിൽ യൂത്ത് കോൺഗ്രസിന്‍റെ സമരം നടക്കുന്ന 2008ൽ ആയിരുന്നു ഈ ദൃശ്യം മനോരമ ന്യൂസ് പകർത്തിയത്. അന്നത്തെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു സി. അനിൽകുമാർ. സി.ഐ ആയിരുന്ന ടി.സി.വേണുഗോപാലിന്റെ തൊപ്പിയാണ് തെരുവിൽ തെറിപ്പിച്ചത്. ഈ ഒറ്റ സമരത്തിലൂടെ ജനശ്രദ്ധ നേടിയ നേതാവായിരുന്നു അനിൽകുമാർ. ഇപ്പോൾ അറസ്റ്റിലായത് ധനകാര്യ സ്ഥാപനത്തിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ്. തൃശൂരിലെ ഹീവാൻ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു അനിൽകുമാർ. ഇതേസ്ഥാപനത്തിന്റെ ഡയറക്ടർമാരായിരുന്ന കെ.പി.സി.സി. സെക്രട്ടറി സി.എസ്.ശ്രീനിവാസനും വ്യവസായി ടി.എ.സുന്ദർമേനോനും നേരത്തെ അറസ്റ്റിലായി ജയിലിലാണ്. പതിനാലു കോടി രൂപയോളം നിക്ഷേപകർക്കു മടക്കി നൽകാനുണ്ട്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന പുഴമ്പള്ളം സ്വദേശി ബിജുവും ഇതേധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം മടക്കി കൊടുക്കാതെ വന്നതോടെ ഇടപാടുകാർ പൊലീസിന് പരാതി നൽകി. തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിക്ഷേപകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബഡ്സ് ആക്ട് പ്രകാരം നടപടി തുടങ്ങിയത്. തൃശൂരിലെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം തിരിച്ചു കൊടുക്കാതെ കബളിപ്പിച്ചിട്ടുണ്ട് .സിറ്റി പൊലീസ് കമ്മിഷണറായി ആർ. ഇളങ്കോ ചുമതലയേറ്റ ശേഷം ഇടപാടുകാരുടെ പരാതിയിൽ കർശന നടപടി തുടങ്ങിയിരുന്നു.

ENGLISH SUMMARY:

Youth Congress leader who removed police cap arrested in investment fraud case