TOPICS COVERED

പാലക്കാട് വാളയാറില്‍ ദേശീയപാതയില്‍ കുഴല്‍പ്പണ സംഘത്തെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് പനങ്കാട് സ്വദേശി ഷൈജുവിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. സംഘത്തിലുള്ള കൂടുതലാളുകള്‍ക്കായി തിരച്ചില്‍ വിപുലമാക്കിയിട്ടുണ്ടെന്ന് പൊലീസ്.   

ഒരാഴ്ച മുന്‍പാണ് വാളയാറിനും കഞ്ചിക്കോടിനുമിടയില്‍ ദേശീയപാതയില്‍ കവര്‍ച്ചാശ്രമമുണ്ടായത്. കാറില്‍ കുഴല്‍പ്പണം ഒളിപ്പിച്ച് കടത്തിയവരെ ആക്രമിച്ച് പണം തട്ടുകയായിരുന്നു ഷൈജുവിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ലക്ഷ്യം. കാറിന്റെ രണ്ട് ചില്ലുകളും തകര്‍ത്തെങ്കിലും ആക്രമണം പ്രതീക്ഷിച്ചിരുന്ന മണ്ണാര്‍ക്കാട് സ്വദേശി വേഗത്തില്‍ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. കുഴല്‍പ്പണം കടത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നവരില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മണ്ണാര്‍ക്കാട് സ്വദേശി വാഹനമോടിച്ചെത്തിയത് ടൗണ്‍ സൗത്ത് പൊലീസിന്റെ പരിശോധന നടക്കുന്നിടത്തേയ്ക്കായിരുന്നു. 

പിന്നാലെ കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന എണ്‍പത് ലക്ഷം രൂപ കണ്ടെടുത്തു. മണ്ണാര്‍ക്കാട് സ്വദേശി നല്‍കിയ വിവരവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷൈജുവിലേക്ക് അന്വേഷണമെത്തിയത്. പൊലീസ് തിരയുന്നുവെന്ന് മനസിലാക്കിയ ഷൈജു തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഷൈജുവിനൊപ്പം കൂടുതലാളുകളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും വാളയാര്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.