TOPICS COVERED

തിരുവനന്തപുരം വെള്ളനാട് സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചതില്‍ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം ദേശീയ എസ്‍സി എസ്‍ടി കമ്മീഷനില്‍ പരാതി നല്‍കി. വെളളനാട് വില്ലേജ് ഒാഫീസിനു സമീപം ഹോട്ടലും തട്ടുകടയും നടത്തുന്ന സുകന്യയ്ക്കും കുടുംബത്തിനും നേരെയാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അതിക്രമം ഉണ്ടായത്. അറസ്റ്റിലായ ശശിക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

സിപിഎം ജില്ലാ പഞ്ചായത്ത് അംഗമായ വെള്ളനാട് ശശിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കുടുംബം ദേശീയ എസ്‍സി എസ്‍ടി കമ്മീഷനില്‍ പരാതിയുമായെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഫണ്ടിനായ് വെള്ളനാട് ശശി പണം ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരി പറഞ്ഞു. അന്ന് പണം നൽകാൻ കഴിഞ്ഞില്ല. അതിന്റെ വിരോധം ആണോ ആക്രമണത്തിന് കാരണം എന്ന് അറിയിെല്ലന്നും നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി.

ശശിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. തട്ടുകടയ്ക്ക് മുന്നില്‍ റോഡിലേക്ക് ഇറക്കി വച്ചിരുന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കയ്യാങ്കളിയില്‍ എത്തിയത്. ബോര്‍ഡ് മാറ്റണമെന്ന് വെളളനാട് ശശി ആവശ്യപ്പെട്ടെങ്കിലും കടയുടമ തയാറായില്ല. വാക്കുതര്‍ക്കം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കുട്ടിയെ അടിക്കുന്നതും മൊബൈല്‍ തെറിച്ചുപോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ശശിക്കെതിരെ കുരുക്ക് മുറുകി. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത സ്ത്രീകള്‍ക്ക് നേരെയും ഇയാള്‍ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 

മുമ്പ് പലതവണ വെളളനാട് ശശിക്കെതിരെ അതിരുവിട്ട പെരുമാറ്റത്തിനും ഗുണ്ടായിസത്തിനും പരാതികള്‍  ഉയര്‍ന്നിട്ടുണ്ട്. ഇതറിയാവുന്ന നാട്ടുകാര്‍ തര്‍ക്കം തുടങ്ങിയപ്പോഴേ പകര്‍ത്തിയ ദൃശ്യങ്ങളാണ് ശശിക്കെതിരെ തെളിവായത്.