TOPICS COVERED

സേലത്ത് ഓണ്‍ലൈനിലൂടെ മലയാളി യുവതിയുടെ പണം തട്ടിയെടുത്തെന്ന് പരാതി. കുട്ടികളുടെ ഫൊട്ടോഗ്രഫി മല്‍സരത്തിന്റെ പേരുപറഞ്ഞാണ് പണം തട്ടിയത്. പണം നഷ്ടമായ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. 

കുട്ടികളുടെ ഫൊട്ടോഗ്രഫി മല്‍സരമെന്ന് സമൂഹമാധ്യമത്തില്‍ കണ്ടാണ് സേലത്ത് താമസിക്കുന്ന പാലക്കാട് സ്വദേശി ആര്‍.ശ്രുതി പങ്കെടുത്തത്. കുഞ്ഞിന്റെ മൂന്ന് ഫൊട്ടോയും അയച്ച് കൊടുത്തു. പിന്നീടാണ് 22 ഘട്ടങ്ങളുള്ള ടാസ്ക് എന്ന് പറഞ്ഞ് തട്ടിപ്പിലേക്ക് കടന്നത്. 2000 രൂപ തൊട്ട് പണം നിക്ഷേപിക്കാം എന്നും ഇതുവഴി ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. 

15,000 രൂപയാണ് ശ്രുതി നിക്ഷേപിച്ചത്. 19,500 രൂപ തിരിച്ചുകിട്ടുമെന്നും വിശ്വസിപ്പിച്ചു. ശ്രുതി പണം നിക്ഷേപിച്ചതോടെ തട്ടിപ്പുക്കാര്‍ പുതിയ നമ്പര്‍ ഇറക്കി. വാഗ്ദാനം ചെയ്ത തുക ലഭിക്കണമെങ്കില്‍ 48,000 രൂപ കൂടി നല്‍കണമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. ടാസ്കിന്റെ രണ്ടാംഘട്ടമാണ് ഇതെന്നും 48,000 രൂപ നിക്ഷേപിച്ചാല്‍ നേരത്തെ വാഗ്ദാനം ചെയ്ത പണവും ഈ തുകയും കൂടി ഒന്നിച്ച് നല്‍കാമെന്നും ഇവര്‍ പറഞ്ഞു. 48,000 രൂപ തരാനില്ലെന്നും നിക്ഷേപിച്ച തുകയെങ്കിലും തിരിച്ചുതരണമെന്നും ശ്രുതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. 

പലവട്ടം അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല . തട്ടിപ്പ് മനസിലായതോടെ ശ്രുതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. 

ENGLISH SUMMARY:

Online Scam Impersonating Children's Photography Contest