TOPICS COVERED

പെരുമ്പാവൂർ ബവ്റിജിന് മുന്നിലെ സംഘർഷത്തിൽ ഒരാൾ മരണമടഞ്ഞ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശികളായ അജിംസ്, ബാവ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ മുടിയ്ക്കൽ സ്വദേശി ഷംസുദ്ദീൻ ആണ് മരണമടഞ്ഞത്.

ഷംസുദ്ദീനും മറ്റു രണ്ടുപേരുമായി  തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30ന് പെരുമ്പാവൂർ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ വച്ച് സംഘർഷം ഉണ്ടായി. ഇതെ തുടർന്ന് അജിംസ് പരിസരത്തുനിന്ന് ലഭിച്ച ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഷംസുദ്ദീനെ ക്രൂരമായി മർദ്ദിച്ചു. ഇതുകൂടാതെ കൈകൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു. മർദ്ദനത്തിൽ കൈകാലുകൾക്കും,വാരിയെല്ലിനും പരുക്കേറ്റ ഷംസുദ്ദീനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് മൊഴിയെടുക്കാനായി എത്തിയപ്പോൾ  വീണ് പരുക്കേറ്റെന്നാണ് ഷംസുദ്ദീൻ പറഞ്ഞത്. 

എങ്കിലും പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ചികിൽസയിൽ കഴിഞ്ഞ ഷംസുദ്ദീൻ മരിച്ചത്. പ്രതികളെ പെരുമ്പാവൂർ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾ അടിക്കാനായി ഉപയോഗിച്ച ഇരുമ്പ് പൈപ്പ് സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു.