മഹാരാഷ്ട്രയില്‍ ബദ്‍ലാപുര്‍ പീഡനക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മധുര വിതരണവുമായി ശിവസേന ഷിന്‍ഡെ വിഭാഗം. പ്രതി അക്ഷയ് ഷിന്‍ഡെയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുംബൈ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.  ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

പീഡനക്കേസ് പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ആഘോഷിക്കുകയാണ് ശിവസേന ഷിന്‍ഡെ പക്ഷം. രണ്ട് നഴ്സറി കുട്ടികളുടെ മരണത്തില്‍ നേരത്തെ വന്‍ പ്രതിഷേധം ഇരമ്പിയ ബദ്‍ലാപുര്‍ റെയിവേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്തു. പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും ഇനി രക്ഷപ്പെടില്ലെന്ന് കണ്ടാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചതെന്നും കേസിലെ സ്പെഷന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പ്രതികരിച്ചു. 

പ്രതി അക്ഷയ് ഷിന്‍ഡെയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുംബൈ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വെടിവയ്പ്പ് നടന്ന പൊലീസ് വാന്‍ ഫൊറന്‍സിക് സംഘം പരിശോധിച്ചു. ഏറ്റുമുട്ടലില്‍ പരുക്കേറ്റ പൊലീസുകാരനെ ശിവസേന എം.പി നരേഷ് മാസ്കെയും സംഘവും സന്ദര്‍ശിച്ചു. സര്‍ക്കാരിന്‍റെ പ്രതിച്ഛായ കൂട്ടാനുള്ള നാടകമാണ് ഏറ്റുമുട്ടലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ പീഡനക്കേസ് പ്രതിയോട് പ്രതിപക്ഷം സഹതാപം കാണിക്കുന്നതിലെ രാഷ്ട്രീയം ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുന്‍പുള്ള രാഷ്ട്രീയ ചര്‍ച്ചയാക്കി സംഭവത്തെ മാറ്റുകയാണ് ഇരുപക്ഷത്തിന്‍റെയും ലക്ഷ്യം.

ENGLISH SUMMARY:

In Maharashtra, Shiv Sena Shinde wing distributes sweets to express happiness over killing of accused in Badlapur rape case in police encounter