ബെംഗളൂരുവിൽ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 29കാരി മഹാലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ഞായറാഴ്ച ബൗറിങ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. 59 കഷണങ്ങളായിട്ടായിരുന്നു മഹാലക്ഷ്മിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
യുവതിയുടെ കൊലപാതകത്തില്‍ പ്രതി ഒഡീഷ സ്വദേശിയായ ആൺസുഹൃത്താകാമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മഹാലക്ഷ്മി കൊല്ലുപ്പെടുന്നതുവരെ നഗരത്തിലുണ്ടായിരുന്നെന്നും യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് സഹോദരനോട് പ്രതി സമ്മതിച്ചതായും പൊലീസ് കണ്ടെത്തി. നിലവില്‍ പശ്ചിമ ബംഗാളില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമം തുടരുകയാണ്. പ്രതിയെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും. ഇയാളെ പിടികൂടിയതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.
അതേസമയം, യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഫ്രിജ് പൊലീസെത്തി ഫോറൻസിക് പരിശോധനയ്ക്കായി സയൻസ് ലബോറട്ടറിയിലേക്ക് മാറ്റി. കൊലയ്ക്ക് ശേഷം നഗരം വിടുന്നതിന് മുന്‍പ് കൊലയാളി വീട് വൃത്തിയാക്കിയിരിക്കാമെന്നും അല്ലെങ്കില്‍ മൃതദേഹം മറ്റെവിടെയെങ്കിലും വച്ച് കഷണങ്ങളാക്കി മാറ്റിയിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. മഹാലക്ഷ്മിയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയ ട്രോളി സ്യൂട്ട്കേസ് മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാന്‍ എത്തിച്ചതാകാമെന്നും എന്നാല്‍ തിരക്കേറിയ പ്രദേശമായതിനാൽ മൃതദേഹം പുറത്തേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ട കൊലയാളി ശരീരഭാഗങ്ങൾ ഫ്രിജില്‍ നിറച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ചയാണ് മല്ലേശ്വരം വ്യാളിക്കാവല പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിക്കവൽ പൈപ്പ് ലൈൻ റോഡിലെ ഒറ്റമുറി ഫ്ലാറ്റിൽ 29 കാരിയായ മഹാലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കി ഫിജില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നപ്പോളാണ് കൊലപാതകം പുറത്തറിഞ്ഞത്.