gun-shot-pak

ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗക്കേസ് പ്രതി ഇരയെ വെടിവച്ചുകൊന്ന കേസില്‍ വന്‍ ട്വിസ്റ്റ്. ബലാല്‍സംഗത്തിനിരയായ പതിനേഴുകാരിയെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രതി റിങ്കു കുമാര്‍ വെടിവച്ചുകൊന്നുവെന്നായിരുന്നു കഴിഞ്ഞയാഴ്ച ബറേലിക്കടുത്ത് സംഭലില്‍ നിന്ന് വന്ന വാര്‍ത്ത.

ജയിലില്‍ നിന്നിറങ്ങിയ പ്രതി പെണ്‍കുട്ടിയെ വഴിയില്‍ കാത്തുനിന്ന് വെടിവച്ചുവീഴ്ത്തി എന്നായിരുന്നു ബന്ധുക്കളുടെ മൊഴി. അമ്മയ്ക്കും സഹോദരനുമൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു വെടിവയ്പ്പും കൊലപാതകവും. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെടിവച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ പൊലീസ് നടുങ്ങി!

മൂന്ന് വെടിയുണ്ടകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. എന്നിട്ടും ഒപ്പം ഒരേ ബൈക്കില്‍ സഞ്ചരിച്ച അമ്മയ്ക്കോ ബൈക്ക് ഓടിച്ചിരുന്ന സഹോദരനോ പോറല്‍ പോലും ഏറ്റില്ല എന്നത് അന്വേഷണസംഘത്തെ ആശ്ചര്യപ്പെടുത്തി. ഇതോടെ പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് വന്ന വിവരങ്ങള്‍ കൂടി ചേര്‍ത്തപ്പോള്‍ സംശയം ബലപ്പെട്ടു.

Also Read: കുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ചുകൊന്ന് പൊലീസ്

കൊലപാതകം നടക്കുന്ന സമയത്ത് പ്രതി റിങ്കു കുമാര്‍ മരണക്കിടക്കയിലായിരുന്ന അച്ഛനെ പരിചരിച്ചുകൊണ്ട് ആശുപത്രിയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പിച്ചതോടെ പൊലീസ് അന്വേഷണത്തിന്‍റെ ദിശ മാറി.

പിന്നീടാണ് റിങ്കുവും കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഗാസിയാബാദിലേക്ക് ഒളിച്ചോടിയിരുന്നുവെന്ന് തെളിഞ്ഞത്. ദിവസങ്ങള്‍ക്കുമുന്‍പ് പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് തിരികെ വീട്ടിലെത്തിച്ചു. റിങ്കുവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയും നല്‍കി. ഈ കേസില്‍ ജയിലിലായ റിങ്കു ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആയിരുന്നു കൊലപാതകം. റിങ്കുവാണ് കൊല ചെയ്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തു. കൊല നടത്തിയത് റിങ്കു അല്ലെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ അവര്‍ നടന്ന സംഭവം വെളിപ്പെടുത്തി.

ഗാസിയാബാദില്‍ നിന്ന് തിരിച്ചെത്തിച്ചശേഷം ബലാല്‍സംഗക്കേസില്‍ കോടതിയില്‍ റിങ്കുവിനെതിരെ മൊഴി നല്‍കണമെന്ന് അമ്മയും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ഇതിനുശേഷമാണ് അമ്മ കൊലപാതകം പ്ലാന്‍ ചെയ്തത്. ഒരു ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകാമെന്ന് അമ്മ പെണ്‍കുട്ടിയോട് പറഞ്ഞു. സഹോദരനും അമ്മയ്ക്കുമൊപ്പം ഒരു സംശയവുമില്ലാതെയാണ് അവള്‍ ബൈക്കില്‍ കയറിയത്. എന്നാല്‍ വഴിയില്‍ നിറതോക്കുമായി അമ്മയുടെ സഹോദരന്‍ കാത്തുനില്‍പ്പുണ്ടെന്ന് അവള്‍ അറിഞ്ഞില്ല. ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്ക് നിര്‍ത്തിയപ്പോള്‍ അമ്മയും സഹോദരനും അവളെ തോക്കുമായി നിന്നയാള്‍ക്കുമുന്നിലേക്ക് തള്ളിവിട്ടു. അയാള്‍ മൂന്നുവട്ടം വെടിയുതിര്‍ത്തു. അവള്‍ തല്‍ക്ഷണം മരിച്ചു.

Also Read: കൊല്ലത്തെ 19–കാരന്‍റെ മരണം ദുരഭിമാനക്കൊലയോ?

കുടുംബത്തിന്‍റെ മാനം കാക്കാനാണ് കൊലപാതകം ചെയ്തതെന്ന് അമ്മ പൊലീസിനോട് സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ക്കുപുറമേ കൊലപാതകത്തില്‍ പങ്കെടുത്തവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും ലൊക്കേഷന്‍ രേഖകളും വച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇതോടെ പ്രതികള്‍ മുട്ടുമടക്കി. അമ്മയും അമ്മാവനും സ്വകാര്യകമ്പനി ജീവനക്കാരായ രണ്ട് സഹോദരന്മാരും അറസ്റ്റിലായി. പ്രതികളാരും ഒരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല എന്നതാണ് പൊലീസിനെ നടുക്കിയ മറ്റൊരു വസ്തുത. കൊലപാതകത്തിന്‍റെ തൊട്ടടുത്ത ദിവസം റിങ്കു കുമാറിന്‍റെ അച്ഛനും മരിച്ചു. 

ENGLISH SUMMARY:

In Uttar Pradesh, a shocking murder case has unfolded. It was initially belived that the 17-year old girl was shot dead by her rapist. However, as investigations progressed, it was revealed that alleged murdere was in the hospital caring for his dying father at the time of the murder. The police discovered that the victim's family had orchestrated the killing to preserve their honor, with the mother luring the daughter into a trap. Ultimately, 4 family members were arrested, and the motive for the murder was confirmed to be related to family reputation.