ചെന്നൈയിൽ പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ചെന്നൈയിലെ തലമ്പൂരിന് സമീപം ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവേ ആണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ 23 വയസ്സുള്ള ഒരു യുവാവിനെയും രണ്ടു പ്രായപൂർത്തിയാകാത്തവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബർ 18ന് വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷം ട്യൂഷൻ ക്ലാസിൽ പോകുന്ന സമയത്താണ് സംഭവം. പ്രതികളിലൊരാളായ സുന്ദറിനെ കുട്ടിക്ക് നേരത്തെ അറിയാമായിരുന്നു. പെണ്‍കുട്ടിയുമായി സംഭാഷണത്തിലേര്‍പ്പെട്ട ഇയാള്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേര്‍ക്കൊപ്പം ചേർന്ന് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 7.30 മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താറുള്ള കുട്ടിയെ കാണാതായതോടെ വീട്ടുകാർ ട്യൂഷൻ ക്ലാസിൽ അന്വേഷിച്ചപ്പോൾ 7.15 ഓടെ ട്യൂഷൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയതായി അറിഞ്ഞു. കൂട്ടുകാരുടെ വീട്ടിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ രാത്രി 9 മണിയോടെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞ നിലയിൽ ദേഹമാസകലം പരിക്കുകളോടെ വിദ്യാർത്ഥിനി തിരിച്ചെത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിനിടെ സുന്ദറിന് ചെറിയതോതില്‍ പരിക്കേറ്റിരുന്നു. കേസ് ഓൾ വനിതാ പോലീസിന് കൈമാറുകയും പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കറക്ഷണൽ ഹോമിലേക്ക് അയച്ചപ്പോൾ സുന്ദറിനെ പോലീസ് റിമാൻഡിലേക്ക് അയച്ചു. മൂന്ന് പ്രതികളും വീടില്ലാത്തവരും തൊഴില്‍രഹിതരുമാണ്.