ബലാൽസംഗ കേസിലെ പ്രതിയായ സിദ്ദിഖിനെ നിരീക്ഷിക്കുന്നതിൽ അന്വേഷണസംഘത്തിന് പിഴവ് പറ്റി എന്ന് വിമർശനം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ് ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണസംഘം കാണിച്ച ഉദാസീനതയാണ് വിമർശനത്തിന് കാരണം. അറസ്റ്റിന് തടസമില്ലാതിരുന്നിട്ടും നടപടി എടുക്കാത്തതിനും അന്വേഷണസംഘം മറുപടി പറയേണ്ടിവരും.

ഈ മാസം രണ്ടിനാണ് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി നടൻ സിദ്ദിഖ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജി പരിഗണിച്ച ഒരു ഘട്ടത്തിലും സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് കോടതിയിൽ നിന്നും ഉണ്ടായിട്ടില്ല. പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതുമാണ്. നിയമപരമായ തടസ്സം ഒന്നും ഇല്ലാതിരുന്നിട്ടും പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടിയും അന്വേഷണസംഘം എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നതാണ് ആദ്യ ചോദ്യം. 

ഇന്ന് രാവിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുമെന്ന വിവരം ഇന്നലെത്തന്നെ പുറത്തുവന്നതാണ്. മുൻകൂർ ജാമ്യം കോടതി നിഷേധിച്ചാൽ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത അന്വേഷണസംഘം എന്തുകൊണ്ട് മുന്നിൽ കണ്ടില്ല എന്നതാണ് അടുത്ത ചോദ്യം. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം അന്വേഷണസംഘം തന്നെ നൽകി എന്നാണ് ആരോപണം ഉയരുന്നത്.

കേസിലെ രഹസ്യ വിവരങ്ങള്‍ പുറത്തായതില്‍ അതൃപ്തി ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സമയം കിട്ടിയിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾക്ക് അന്വേഷണസംഘം എന്ത് മറുപടി നൽകുമെന്നാണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY:

The investigation team made a mistake in monitoring Siddique, the accused in the rape case