ബലാൽസംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിന്റെ അഭിഭാഷകന്‍ സുപ്രീംകോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ സംഘവുമായിയാണ് ചര്‍ച്ച നടത്തിയത്. സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നതിലാണ് കൂടിയാലോചന. അതിജീവിത പരാതി നല്‍കാന്‍ വൈകിയതുള്‍പ്പെടെ സൂപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഉത്തരവിൽ രൂക്ഷ വിമർശനമാണ് സിദ്ദിഖിനും സംസ്ഥാന സർക്കാരിനും എതിരെയുള്ളത്.
പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്ന് വിമർശിച്ചു. ലൈംഗിക അതിക്രമത്തിനിരയായി എന്നത് വെച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും ഹൈക്കോടതി വിലയിരുത്തി.
തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന സിദ്ദിഖിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്. വലിയ സ്വാധീനമുള്ള ആളാണ് സിദ്ദിക്കെന്നും, മുൻകൂർ ജാമ്യം ലഭിച്ചാൽ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി യുവനടിയുടെ പരാതി ഗൗരവമുള്ളതെന്ന് വിലയിരുത്തി. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ട്. അന്വേഷണത്തിന് ഹർജിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണം. സിദ്ദിഖ് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ന്യായം എന്നും ഹൈക്കോടതി പറഞ്ഞു.
ഉത്തരവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റ കാര്യത്തിലായിരുന്നു സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം. 2019ലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 5 വർഷത്തോളമായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം നിഗൂഢമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഇടപ്പെട്ടതുകൊണ്ടാണ് റിപ്പോർട്ട് പുറത്തെത്തിയതൊന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.