മഹാരാഷ്ട്രയിലെ താനെയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് നാലുവയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി ആക്രമിച്ചയാളെ പൊലീസ് വെടിവച്ചുകൊന്നു. സ്കൂളിലെ ശുചീകരണ ജീവനക്കാരനായിരുന്ന അക്ഷയ് ഷിൻഡെ ആണ് കൊല്ലപ്പെട്ടത്. തലോറ ജയിലിലായിരുന്ന ഷിൻഡെയെ ഇയാളുടെ ഭാര്യ നൽകിയ ലൈംഗികാക്രമണക്കേസിൽ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
Also Read: ബദ്ലാപുര്‍ സ്കൂളിലെ ലൈംഗികപീഡനം: ഒന്നാം പ്രതി കൊല്ലപ്പെട്ടു
ഇന്നലെ വൈകിട്ട് 5.30ന് തലോറ ജയിലിലെത്തിയ ക്രൈംബ്രാഞ്ച് സംഘം 24കാരനായ ഷിൻഡെയെ കസ്റ്റഡിയിൽ വാങ്ങി. താനെിലേക്ക് പോയ സംഘം മുംബ്ര ബൈപാസ് റോഡിലെത്തിയപ്പോൾ ഷിൻഡെ ഒരു പൊലീസുകാരൻറെ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്തെന്ന് പൊലീസ് പറയുന്നു. നിലേഷ് മോറെ എന്ന പൊലീസുകാരന് പരുക്കേറ്റു. മറ്റ് പൊലീസുകാർ തിരിച്ച് വെടിവച്ചപ്പോഴാണ് ഷിൻഡെ കൊല്ലപ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പിന്നീട് വിശദീകരിച്ചു.
കഴിഞ്ഞമാസം 12, 13 തീയതികളിലാണ് ഷിൻഡെ സ്കൂളിലെ ശുചിമുറിയിൽ വച്ച് രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചത്. കുട്ടികൾ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തുവന്നത്. മെഡിക്കൽ പരിശോധനയിൽ കുഞ്ഞുങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. 16ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 17ന് അക്ഷയ് ഷിൻഡെ അറസ്റ്റിലായി. കേസെടുക്കുന്നത് വൈകിയതിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധവും പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു.
Also Read: തമിഴ്നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം; ഗൂണ്ടാനേതാവ് കൊല്ലപ്പെട്ടു
അതേസമയം അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ട ഏറ്റവുമുട്ടൽ വ്യാജമാണെന്ന ആരോപണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോളെയും രംഗത്തെത്തി. കേസിൽ പ്രതികളായ സ്കൂൾ ട്രസ്റ്റികളെ രക്ഷിക്കാനാണോ ഒ!ന്നാംപ്രതിയെ ഇല്ലാതാക്കിയതെന്ന് അവർ ചോദിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും പവാറും പടോളെയും ആവശ്യപ്പെട്ടു.