rice-puller-murder-case

തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്ന് ആംബുലന്‍സില്‍ കയറ്റി അയച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോയമ്പത്തൂര്‍ സ്വദേശി നാല്‍പ്പതു വയസ്സുകാരന്‍ അരുണാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിനെ പൊലീസ് തിരയുകയാണ്. ‘റൈസ് പുള്ളര്‍’ തട്ടിപ്പില്‍ നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ കിട്ടുന്നതിനായാണ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സംഘം മര്‍ദിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ആംബുലന്‍സിന് വന്ന ഫോണ്‍ കോളിലൂടെയാണ് കൊലപാതകത്തിന്‍റെ കെട്ടഴിയുന്നത്. മൃതദേഹം ഉപേക്ഷിക്കാനായി പ്രതികള്‍ സ്വീകരിച്ച മാര്‍ഗം പക്ഷേ അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരാളെ വണ്ടിതട്ടിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും പറഞ്ഞായിരുന്നു ഫോണ്‍ കോണ്‍. കാറിലെത്തിയ നാലുപേര്‍ ആംബുലന്‍സില്‍ അരുണിനെ കയറ്റും വരെയുണ്ടായിരുന്നു. ആരെങ്കിലും കൂടെ വരണം എന്ന് ആംബുലന്‍സ് ‍ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ ആംബുലന്‍സിന് പിന്നില്‍ വരാം എന്നിവര്‍ പറഞ്ഞ് സ്ഥലം വിട്ടു.

ആശുപത്രിയില്‍ എത്തുമ്പോഴാണ് ഇവര്‍ പിന്നിലില്ലായിരുന്നു എന്ന വിവരം ഡ്രൈവര്‍ അറിഞ്ഞത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അരുണ്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ദേഹമാസകലം മര്‍ദിച്ച പാടുകളും മൂക്കിന്‍റെ പാലം പൊട്ടിയിരുക്കുന്നതുമെല്ലാം ഇതൊരു കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് പിന്നാലെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കോയമ്പത്തൂര്‍ സ്വദേശിയായ അരുണും ശശാങ്കനും എന്നയാളും കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖ് വിളിച്ചിട്ടാണ് തൃശൂര്‍ എത്തിയതെന്ന് പിന്നീട് വ്യക്തമായി.

 

അരുണും സാദിഖും തമ്മിലുള്ള സാമ്പത്തിക ഇടപാട് തീര്‍പ്പാക്കാനായിരുന്നു ഈ കൂടിക്കാഴ്ച. പണം ഇരട്ടിക്കും എന്നു പറഞ്ഞാണ് റൈസ് പുള്ളര്‍ നിധിയിലേക്ക് സാദിഖിനെ കൊണ്ടുവന്നതെന്നാണ് വിവരം. അത്ഭുതശേഷികളുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന ചെമ്പുകുടമാണ് ‘റൈസ് പുള്ളർ’. ഇറിഡിയം കോപ്പർ എന്ന ലോഹം കൊണ്ട് നിർമിച്ചിരിക്കുന്ന ഇതിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് അവകാശവാദം. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കൊടുത്ത പണം തിരിച്ചു കിട്ടാതെ വന്നതോടെ പ്രശ്നമായി. തൃശൂരില്‍ വച്ച് കാണാം എന്നു പറഞ്ഞാണ് സാദിഖ് അരുണിനെ വിളിച്ചു വരുത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയുടെ സമീപം വച്ച് വാഹനത്തില്‍ ബലമായി പിടിച്ചുകയറ്റി വട്ടണാത്തറ എസ്റ്റേറ്റില്‍ എത്തിച്ചു. ഇവിടെ വച്ച് ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ അരുണ്‍ കൊല്ലപ്പെട്ടു. മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതികള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ആംബുലന്‍സില്‍ കയറ്റി അയക്കുക എന്നത്.

Also Read: യുവാവിനെ മര്‍ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി

അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മർദനമേറ്റ നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി. ഇയാളെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സാദിഖിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. 

ENGLISH SUMMARY: